റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡിജിറ്റല്‍ റുപ്പി അഥവാ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) ഇന്ന് അവതരിപ്പിക്കും. ഫെബ്രുവരി മാസത്തില്‍ 2022ലെ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. അന്നുമുതല്‍ ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.
രണ്ട് ഘട്ടങ്ങളിലാണ് ഡിജിറ്റല്‍ റുപ്പി (digital rupee) പുറത്തിറക്കുക. ആദ്യം മൊത്തവ്യാപാര വിഭാഗത്തിലാണ് ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കുക. രണ്ടാം ഘട്ടത്തില്‍, ഉപഭോക്താക്കളും വ്യാപാരികളുമടങ്ങുന്ന ചില്ലറ വ്യാപാര വിഭാഗത്തിലും അവതരിപ്പിക്കും. ആദ്യ ഘട്ടത്തിനു ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞാകും രണ്ടാംഘട്ടം പുറത്തിറക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളാണ് തുടക്കത്തില്‍ ഇടപാടില്‍ ഏല്പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചു.
ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ നല്കുന്ന രൂപയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. നിലവിലുള്ള കറന്‍സിക്കുള്ള തുല്യമൂല്യം ഇതിനുണ്ട്. രൂപത്തില്‍ മാത്രമേ വ്യത്യാസമുണ്ടാകൂവെന്ന് ആര്‍ബിഐ വെബ്സൈറ്റില്‍ പറയുന്നു. ചുരുക്കത്തില്‍, അച്ചടിച്ച നോട്ടുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ രൂപമാണ് സി.ബി.ഡി.സി.
” ഒരു നോട്ട് കൈവശം വെയ്ക്കുന്നതിന് പകരം നിങ്ങളുടെ ഫോണില്‍ ഒരു ഡിജിറ്റല്‍ കറന്‍സി ഉണ്ടായിരിക്കും. അത് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഏതെങ്കിലും വ്യാപാരിക്ക് കൈമാറും, ” ഡിജിറ്റല്‍ രൂപയും മൊബൈല്‍ വാലറ്റും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2021ലെ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ സര്‍വേയില്‍ 86 ശതമാനം പേര് ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളെക്കുറിച്ച് സജീവമായി ഗവേഷണം നടത്തുന്നുണ്ടെന്നും 60 ശതമാനം പേര് പരീക്ഷണം നടത്തുകയാണെന്നും 14 ശതമാനം പേര് പൈലറ്റ് പ്രോജക്ടുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ബിഐ വെബ്സൈറ്റില്‍ പറയുന്നു.
കറൻസി ആശ്രയിക്കുന്നത് കുറയ്ക്കുക, സെറ്റില്‍മെന്റ് റിസ്ക് കുറയ്ക്കല്‍ എന്നിവയാണ് സിബിഡിസിയുടെ നേട്ടങ്ങളെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ പറഞ്ഞിരുന്നു. കൂടാതെ, സിബിഡിസി അവതരിപ്പിക്കുന്നതിലൂടെ പേപ്പറിനെ ആശ്രയിക്കുന്നത് കുറയുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും.
പരമ്പരാഗത ഡിജിറ്റല്‍ ഇടപാടുകളെ അപേക്ഷിച്ച് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിനിമയ മാധ്യമം എന്നതാണ് സിബിഡിസിയുടെ മറ്റൊരു നേട്ടം. ഇത് സെറ്റില്‍മെന്റ് റിസ്ക് കുറയ്ക്കുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പോകുകയം സ്വീകര്‍ത്താവിന് പണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പ്രശ്നം ഉണ്ടാകില്ല. . കൂടാതെ, കൂടുതല്‍ ആളുകള്‍ സിബിഡിസികള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഇടപാട് ചാർജുകളും കുറഞ്ഞുകിട്ടും.