ഇൻഷുറൻസ് സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കം .
വൈപ്പിൻ മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയും സാമ്പത്തിക ഭദ്രതയും ഇൻഷുറൻസ് പരിരക്ഷയിലൂടെ ഉറപ്പാക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. വൈപ്പിൻ സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മണ്ഡലത്തിലെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ആസൂത്രണം ചെയ്തിരിക്കുന്നത് ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. പദ്ധതിയുടെ ഉദ്ഘാടനം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപകട, ചികിത്സ, പെൻഷൻ സുരക്ഷിതത്വമാണ് എസ്ബിഐയുടെ സഹകരണത്തോടെയുള്ള പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. അടുത്ത മാസം പത്തിനകം പദ്ധതിയുടെ ക്യാമ്പയിൻ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും പൂർത്തിയാക്കും. തുടർന്ന് 135 വാർഡുകളിലും ക്യാമ്പയിൻ നടക്കും. പി.എം.ബി.എസ്.വൈ പദ്ധതിയിൽ 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് അപകട ഇൻഷുറൻസും അമ്പത് വയസുവരെയുള്ളവർക്ക് പി.എം.ജെ.ജെ.ബി.വൈ പദ്ധതിയിൽ ചികിത്സ ഇൻഷുറൻസും എ.പി.വൈ പദ്ധതിയിൽ പെൻഷനുമാണ് ലഭ്യമാക്കുക. നിസാര പ്രീമിയത്തിൽ വിപുലമായ പരിരക്ഷയാണ് പദ്ധതിയുടെ മേന്മ.
ഇൻഷുറൻസ് പദ്ധതികളിലെ അംഗത്വ പ്രീമിയം അർഹരായവർക്ക് സഹകരണ ബാങ്കുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് അടയ്ക്കുന്നതിന് അവസരമൊരുക്കും. വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. രോഗങ്ങളും അപകടങ്ങളും അകാല വിയോഗങ്ങൾക്ക് കാരണമാകുമ്പോൾ കുടുംബം നിരാലംബമാകുന്ന നിസ്സഹായാവസ്ഥയിൽ പദ്ധതി സാമ്പത്തികമായി പിന്നോക്കമായ മണ്ഡലത്തിനു വലിയ സഹായമാകും. ഒപ്പം പെൻഷൻ പദ്ധതി കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും.
പൊതുനന്മ ലക്ഷ്യമിടുന്ന ബൃഹത്ത് പദ്ധതിക്ക് എല്ലാ സഹായസഹകരണവും നൽകുമെന്ന് അധ്യക്ഷയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം പറഞ്ഞു. മണ്ഡലത്തിലാകെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അവസരമൊരുക്കുന്ന പദ്ധതി രാജ്യത്ത് തന്നെ ആദ്യമാണെന്ന് എസ്ബിഐ റീജിയണൽ മാനേജർ ആർ.വി അജിത്ത്കുമാർ മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ബിസിഎഫ് പി. ബാബു പദ്ധതി വിശദീകരിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ടി ഫ്രാൻസിസ്, നീതു ബിനോദ്, വി.എസ് അക്ബർ, മേരി വിൻസെന്റ്, വൈപ്പിൻ വികസന പദ്ധതികളുടെ കോ ഓർഡിനേറ്റർ എ.പി പ്രിനിൽ, കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി സുനിൽകുമാർ, കേരള മാരിടൈം ബോർഡ് അംഗം സുനിൽ ഹരീന്ദ്രൻ, ജനപ്രതിനിധികൾ, കുടുംബശ്രീ – ആശാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.