കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. മെയിന്‍റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
തമിഴ്നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. പി എം 2എന്ന് പറയുന്ന മോഴയാനയാണിതെന്ന് പറയുന്നു. ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്നയാന 50 ലധികം വീടുകളും തകർത്തിരുന്നു.കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.