സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീരത്ന പുരസ്കാര നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ സർജറി മേധാവി ഡോ.ആർ.എസ് സിന്ധുവിന്‍റെ നേട്ടത്തിന് ഒരല്‍പ്പം മധുരം കൂടും. പ്രതിസന്ധികളെ തരണം ചെയ്ത് തന്‍റെ കര്‍മ്മ മേഖലയിലെ കരുതലിന്‍റെ പ്രതീകമായി മാറിയ ഡോ.സിന്ധു പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നു സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എംസിഎച്ച് നേടുന്ന ആദ്യ വനിതയായ ഇവർ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോഷ്യേറ്റ് പ്രൊഫസറാണ്.
തിരുവനന്തപുരം തമ്പാനൂർ കേശവ നിവാസിൽ പരേതനായ ടി.കെ.സദാശിവൻ നായരുടെയും എ.രാധയുടെയും മൂത്ത മകളായ ഡോ. സിന്ധുവിന് മൂന്ന് വയസുള്ളപ്പോഴാണ് പോളിയോ ബാധിക്കുന്നത്. സാധ്യമായ എല്ലാചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യംബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി. പിന്നീടുള്ള യാത്ര ക്രച്ചസിലായെങ്കിലും തളരാന്‍ സിന്ധു തയാറായില്ല. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് പ്രീഡിഗ്രിയിൽ ഉന്നത മാർക്ക് വാങ്ങിവിജയിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസും ജനറൽ സർജറിയിൽ മാസ്റ്റർ ബിരുദവും നേടി. ഭർത്താവ് രഘു എൻ.വാരിയർ. മകൻ നിരഞ്ജൻ കെ.വാരിയർ. സഹോദരങ്ങൾ: ആർ.എസ്.സന്തോഷ്, ആർ.എസ്.ഗംഗ.
ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി, റിസർച് പേപ്പർ അവാർഡ് (2012), വനിതാ അവാർഡ് (2014,) എന്നിവ നേടിയ ഡോ.സിന്ധുവിന്‍റെ അതിജീവനത്തിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീരത്ന പുരസ്കാരം.