ഹൊസൂർ: ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായ ഹൊസൂരിൽ KSRTC സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ കല്ലേറുണ്ടായി. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിക്കുന്നതിനിടെയാണ് സംഘർഷവും കല്ലേറുമുണ്ടായത്.
കല്ലേറിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ല് തകർന്നു. നിരവധി വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. ബസ് പിന്നീട് പൊലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
പോലീസുകാര്‍ക്കും ദേശീയപാതയിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറിൽ ചില വാഹനയാത്രികർക്ക് നിസാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.