ലോകകപ്പ് 2022: സിഡ്നിയിൽ പരിശീലനത്തിന് ശേഷം ലഭിച്ചത് മോശം ഭക്ഷണം; ഇന്ത്യൻ കളിക്കാർക്ക് അസംതൃപ്തി

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ (T20 World Cup) സൂപ്പർ 12 മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ (Team India). മെൽബണിൽ നടന്ന ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിൽ നെതർലൻറ്സിനെ നേരിടുന്നതിനായി ടീം അംഗങ്ങൾ സിഡ്നിയിൽ എത്തിയിരിക്കുകയാണ്. വ്യാഴാഴ്ചയാണ് നെതർലൻറ്സിനെതിരായ മത്സരം. എന്നാൽ അതിനിടയിൽ ഓസ്ട്രേലിയയിൽ ലഭിച്ച ഭക്ഷണത്തിൻെറ കാര്യത്തിൽ ടീം അംഗങ്ങൾ സംതൃപ്തരല്ലെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച പരിശീലനത്തിന് ശേഷം ലഭിച്ച മെനുവിൽ കളിക്കാർ ഒട്ടും തൃപ്തരായിരുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് കളിക്കാർ ഈ ഭക്ഷണം കഴിക്കാതെ താമസിക്കുന്ന ഹോട്ടലിൽ പോയാണ് ഭക്ഷണം കഴിച്ചത്. പരിശീലനത്തിന് ശേഷം എല്ലാ ടീം അംഗങ്ങൾക്കും സമാനമായ മെനു തന്നെയാണ് നൽകുന്നത്. ഇന്ത്യൻ കളിക്കാർക്ക് ചൂടുള്ള ഭക്ഷണമൊന്നും തന്നെ നൽകിയില്ല. കഠിനമായ പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം കളിക്കാർക്ക് നൽകണമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച ഓപ്ഷണൽ ട്രെയിനിങ് സെഷനാണ് കളിക്കാർ ഇറങ്ങിയത്. പേസ് ബോളർമാർ ആരും തന്നെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ അക്സർ പട്ടേൽ എന്നിവരും പരിശീലനത്തിൽ പങ്കെടുത്തില്ല. പരിശീനം കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. സ്വാഭാവികമായും എല്ലാ വിഭവങ്ങളും അടങ്ങിയ ഉച്ചഭക്ഷണമാണ് കളിക്കാർ പ്രതീക്ഷിച്ചിരുന്നത്.

കസ്റ്റം സാൻവിച്ച്, പഴങ്ങൾ, ഫലാഫൽ എന്നിവയാണ് പരിശീലനത്തിന് ശേഷം കളിക്കാർക്ക് ലഭിച്ചത്. “ഇതൊരു ബോയ്ക്കോട്ട് ആയൊന്നും കണക്കാക്കേണ്ട കാര്യമില്ല. ചില കളിക്കാർ പഴങ്ങളും ഫലാഫലുമെല്ലാം കഴിച്ചു. എന്നാൽ എല്ലാവർക്കും ഉച്ചഭക്ഷണമാണ് വേണ്ടിയിരുന്നത്. അതിനാൽ അവർ ഹോട്ടലിൽ തിരിച്ചെത്തിയാണ് ഭക്ഷണം കഴിച്ചത്,” സംഭവങ്ങളുമായി ബന്ധപ്പെട്ട് ധാരണയുള്ള ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ലഞ്ചിന് ഐസിസി ചൂടുള്ള ഭക്ഷണമൊന്നും തന്നെ നൽകുന്നില്ലെന്നതാണ് പ്രശ്നം. രണ്ട് ടീമുകൾ തമ്മിൽ കളിക്കുന്ന സമയത്ത് ആതിഥേയ ടീമാണ് പൊതുവിൽ ഭക്ഷണത്തിന്റെ ചുമതല വഹിക്കാറുള്ളത്. ഇന്ത്യൻ ടീം അംഗങ്ങൾക്ക് പരിശീലനത്തിന് ശേഷം ചൂടുള്ള ഉച്ചഭക്ഷണം നൽകാറുമുണ്ട്. എന്നാൽ ഐസിസിക്ക് എല്ലാ രാജ്യങ്ങളോടും ഒരേ നിയമമാണുള്ളത്. കഠിനമായ പരിശീലനത്തിന് ശേഷം നിങ്ങൾക്ക് നന്നായി ഗ്രിൽ ചെയ്യാത്ത വെറും സാൻവിച്ച് കഴിച്ചൊന്നും വിശപ്പടക്കാൻ സാധിക്കില്ല. അത് ഒരു തരത്തിലും ക്ഷീണം അകറ്റാനോ പോഷകാംശം ലഭിക്കാനോ ഉപകരിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ട്രെയിനിങ് സെഷനുകൾക്ക് ശേഷം ഇന്ത്യൻ കളിക്കാർക്ക് ചൂടുള്ള ഭക്ഷണം ലഭ്യമാക്കാൻ ബിസിസിഐ തന്നെ മുന്നിട്ടിറങ്ങിയാലും അത്ഭുതപ്പെടേണ്ട. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നെതർലന്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പാണ്ഡ്യയുടെ അഭാവത്തിൽ ദീപക് ഹൂഡയ്ക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കും. എന്നാൽ ലോകകപ്പ് മത്സരമായതിനാൽ പാണ്ഡ്യയെ ഒരു മത്സരത്തിൽ വിശ്രമം നൽകി മാറ്റിനിർത്തുമോയെന്ന കാര്യവും ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
 
Verified by MonsterInsights