ലോകപ്രമേഹ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കരുമാല്ലൂർ മനയ്ക്കപ്പടിയിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ കരുമാല്ലൂർ ആശുപത്രി പടിയിൽ നിന്ന് ആരംഭിച്ച വിദ്യാർഥികളുടെ സൈക്കിൾ റാലി മനയ്ക്കപ്പടിയിൽ സമാപിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഫ്ളാഗ് ഓഫ് ചെയ്തു.
മനയ്ക്കപ്പടി എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ പ്രമേഹ ദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലി.
ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സവിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. ആർ. രാധാകൃഷ്ണൻ, കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്ജ് മേനാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. അനിൽകുമാർ, വരാപ്പുഴ കമ്മ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. ടെൻസി റോയി, കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിത വിശ്വം എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമേഹ ബോധവൽക്കരണ സെമിനാർ, ന്യൂട്രിഷൻ ക്ലാസ്സ്, ആരോഗ്യ ആഹാര പാത്രം എക്സിബിഷൻ, തെരഞ്ഞെടുക്കപ്പെട്ട ആശ, അങ്കണവാടി, പ്രവർത്തകർക്ക് ന്യൂട്രീഷൻ പരിശീലനം, ലഹരി ബോധവൽക്കരണ ക്ലാസ്സ്, കായിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.