സാഹസിക വിനോദസഞ്ചാരം കുറവായ ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനാണ് ഡി.ടി.പി.സി. ആലോചിക്കുന്നത്. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരെ തുഴഞ്ഞ് തിരികെയെത്താന്‍ ഒരു മണിക്കൂറോളമാണ് സമയമെടുത്തത്. കയാക്കിങ്ങിനുള്ള ടിക്കറ്റ് നിരക്കൊന്നും തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രൊപ്പോസല്‍ താമസിയാതെ കളക്ടര്‍ക്ക് നല്‍കുമെന്നും അതിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ കയാക്കിങ് തുടങ്ങുമെന്നും ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.