കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നടൻ ഉണ്ണി മുകുന്ദൻ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. തനിക്ക് കൃഷ്ണ വിഗ്രഹം സമ്മാനിച്ച ഉണ്ണി മുകുന്ദനെ അമ്പരിപ്പിച്ചുകൊണ്ട് മോദി ഗുജറാത്തിയിൽ ചോദിച്ചത് ഇങ്ങനെ- ”ഭൈലാ കേം ചോ” (മോനേ എങ്ങനെയുണ്ട്).
ഗുജറാത്തി ഭാഷയില്‍ പ്രധാനമന്ത്രിയുടെ ചോദ്യംകേട്ട് ഉണ്ണി മുകുന്ദന് ഒന്നമ്പരന്നു. അടുത്തനിമിഷംതന്നെ ഗുജറാത്തിഭാഷയില്‍ തിരിച്ചു സംസാരിച്ച് തകര്‍ത്തടിച്ചപ്പോള്‍ നടന് ഉണ്ണി മുകുന്ദന് ‘യുവം’ പരിപാടി സമ്മാനിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍. യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു.
24 വര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങളില്‍ പലതും മോദി പങ്കിട്ടു. ”എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്”- ഉണ്ണി മുകുന്ദൻ പറഞ്ഞു.
”എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു മുഖ്യമന്ത്രിയായി കണ്ട ആളെ ഇന്ന് പ്രധാനമന്ത്രിയായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു” -പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദന് പറഞ്ഞു.
കൃഷ്ണ വിഗ്രഹം സമ്മാനിച്ച് നടൻ ഉണ്ണി മുകുന്ദൻ തന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നേരിൽക്കണ്ട് ഗുജറാത്തിയിൽ സംസാരിക്കണം എന്ന ആഗ്രഹവും പൂവണിഞ്ഞു എന്ന് ഉണ്ണി പറഞ്ഞു. പണ്ട് മോദിക്കൊപ്പം പട്ടം പറത്തിയ അനുഭവം ഒരിക്കൽ ഉണ്ണി മുകുന്ദൻ പങ്കിട്ടിരുന്നു.