ന്യൂയോര്‍ക്ക്: അഞ്ചാം നുറ്റാണ്ട് മുതല്‍ ഉത്തരം കിട്ടാത്ത ഒരു സംസ്‌കൃത വ്യാകരണ പ്രശ്‌നത്തിന് (grammar problem) ഉത്തരം കണ്ടെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ റിഷി അതുല്‍ രാജ്‌പോപത്ത് ആണ് ഏറ്റവും കഠിനമെന്ന് പണ്ഡിതര്‍ വിലയിരുത്തിയ വ്യാകരണ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയത്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സംസ്‌കൃത പണ്ഡിതനായ പാണിനി എഴുതി തയ്യാറാക്കിയ സംസ്‌കൃതത്തിലെ ഒരു ചോദ്യത്തിനാണ് അതുല്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ‘മെറ്റാറൂള്‍’ എന്നൊരു ആശയം സംസ്‌കൃത പണ്ഡിതനായ പാണിനി രൂപപ്പെടുത്തിയിരുന്നു. ഇതിന് ചില പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനം ഇങ്ങനെയായിരുന്നു; തുല്യമായ രണ്ട് നിയമങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടാല്‍ വ്യാകരണ സീരിസില്‍ രണ്ടാമത് വരുന്ന നിയമത്തിനായിരിക്കും പ്രാമുഖ്യം നല്‍കുക.
എന്നാല്‍ ഈ വ്യാഖ്യാനം ചില വ്യാകരണ തെറ്റുകളിലേക്കാണ് നയിച്ചത്. ഈ വ്യാകരണ വ്യാഖ്യാനത്തെയാണ് അതുല്‍ രാജ്‌പോപത്ത് പരിഷ്‌കരിച്ചത്. പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനത്തെ നിശിതമായി എതിര്‍ത്ത അതുല്‍ പറയുന്നത്, പാണിനി രൂപപ്പെടുത്തിയ വ്യാകരണനിയമമനുസരിച്ച് ഒരു വാക്കിന്റെ ഇടത്തും വലത്തും ബാധകമായ നിയമങ്ങള്‍ പരിഗണിക്കുമ്പോള്‍ വലത് ഭാഗത്തെ നിയമത്തിനായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത് എന്നാണ്.
അങ്ങനെയാകാം പാണിനി ഉദ്ദേശിച്ചിട്ടുണ്ടാകുക. ഇതിലൂടെ ശരിയായ വ്യാകരണ പദങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അതുല്‍ പറയുന്നു.ഏകദേശം രണ്ട് വര്‍ഷത്തോളമെടുത്താണ് അതുല്‍ ഈ വ്യാകരണപ്രശ്‌നം പരിഹരിച്ചത്.
‘ശരിക്കും ഒരു വലിയ കണ്ടെത്തല്‍ നടത്തിയ പോലെയാണ് എനിക്ക് തോന്നിയത്. 9 മാസമാണ് ഈ വ്യാകരണ പ്രശ്‌നം പഠിക്കാനായി മാത്രം എടുത്തത്. ചില സമയത്ത് ഇത് ഉപേക്ഷിച്ച് പോകാൻ തോന്നിയിരുന്നു. അങ്ങനെ തോന്നിയ സമയത്ത് പുസ്തകം അടച്ചുവെച്ച് ഞാന്‍ സൈക്ലിംഗിനും നീന്തലിനുമൊക്കെ പോകുമായിരുന്നു. പിന്നീട് ഒരു ദിവസം ഞാന്‍ പുസ്തകം തുറന്ന് വായിക്കുമ്പോഴാണ് ഈ കണ്ടെത്തലിലേക്കുള്ള വഴി തെളിഞ്ഞത്,’ അതുല്‍ പറയുന്നു.
അതേസമയം അതുലിന്റെ കണ്ടെത്തലില്‍ തൃപ്തരാണ് പണ്ഡിത ലോകം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുലിന്റെ അധ്യാപകനായ പ്രൊഫസര്‍ വെര്‍ഗിയാനിയും ഇതേ അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.
നൂറ്റാണ്ടുകളായി ഉത്തരം കണ്ടെത്താന്‍ പണ്ഡിതന്‍മാര്‍ കിണഞ്ഞു പരിശ്രമിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് തന്റെ വിദ്യാര്‍ത്ഥിയായ അതുല്‍ ആണെന്നും ഇക്കാര്യത്തില്‍ വളരെയധികം സന്തോഷവും അഭിമാനവുമാണ് തനിക്ക് തോന്നുന്നതെന്നും അതുലിന്റെ അധ്യാപകനായ പ്രൊഫസര്‍ വെര്‍ഗിയാനി പറഞ്ഞു.
സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകളോടുള്ള വിദ്യാർത്ഥികളുടെ താല്‍പ്പര്യം വര്‍ധിപ്പിക്കാന്‍ അതുലിന്റെ കണ്ടെത്തല്‍ സഹായകമാകുമെന്നും വെര്‍ഗിയാനി പറഞ്ഞു.