പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി .ജനുവരി 27നാണ് പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം എഡിഷന്‍ ആരംഭിക്കുന്നത്. ന്യൂഡല്‍ഹിയിലെ തല്‍ക്കതോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആശങ്കകള്‍ അകറ്റാനുമായി നടത്തുന്ന ദേശീയ നിലവാരത്തിലുള്ള പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക,’ എന്നാണ് മോദിയുടെ ട്വീറ്റ്.
ഡിസംബര്‍ 30ന് പരീക്ഷാ പേ ചര്‍ച്ചയുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 38.80 ലക്ഷം പേരാണ് ഇത്തവണ പരീക്ഷാ പേ ചര്‍ച്ചയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. 2022 നവംബര്‍ 25 മുതലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഡിസംബര്‍ 30 വരെയാണ് രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.