പരീക്ഷകൾ എന്ന് കേൾക്കുമ്പോഴേ മിക്ക കുട്ടികൾക്കും ഉള്ളിൽ ആധിയാണ്. ചിലപ്പോൾ ഈ പേടി അവരെ പല രീതിയിലും ബാധിക്കാം. പരീക്ഷാ പേടിയും മാർക്ക് കുറവുമെല്ലാം ഇന്ത്യയിൽ തന്നെ പല കുട്ടികളുടെയും ആത്മഹത്യകൾക്ക് വരെ കാരണമായിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മർദ്ദവും ഇതിന് പിന്നിലുണ്ട്. എന്നാൽ പരീക്ഷയെ കുറിച്ചുള്ള പേടി വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ തകർത്തേക്കാവുന്ന ഒന്നാണ്.
പരീക്ഷയ്ക്ക് മുമ്പ് ഉണ്ടാകുന്ന ചെറിയ ടെൻഷൻ വിദ്യാർത്ഥികളിൽ സാധാരണ കണ്ടുവരുന്ന കാര്യമാണെങ്കിലും ഇത് ചില വിദ്യാർത്ഥികളെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭയം, മുൻ പരീക്ഷകളിൽ ഉള്ള മാർക്ക് കുറവ്, മതിയായ തയ്യാറെടുപ്പിന്റെ അഭാവം എന്നിവയെല്ലാം വിദ്യാർത്ഥികളിൽ ഈ പരീക്ഷ പേടിക്ക് പിന്നിലെ കാരണങ്ങളാവാം . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പരീക്ഷ പേടിയെ മറികടക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും
എന്താണ് പരീക്ഷാ പേടി?
പരീക്ഷയ്ക്ക് മുമ്പ് കുട്ടികളിലോ കൗമാരക്കാരിലോ കണ്ടുവരുന്ന ഭയം, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയാണ് പരീക്ഷാ പേടി (Exam Anxiety ) എന്ന് ന്യൂ ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും സൈക്യാട്രിസ്റ്റുമായ ഡോ. പ്രേരണ കുക്രേറ്റി പറയുന്നു. ഇത് ഒരു വ്യക്തിയുടെ പഠനശേഷിയെയും ഓർമശക്തിയെയും വരെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതുമൂലം പല കുട്ടികൾക്കും പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ ഉണ്ടാകുന്നത് സാധാരണമാണെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കൂടാതെ പരീക്ഷ പേടിയെ കൈകാര്യം ചെയ്യാൻ ഈ കാര്യങ്ങളും ഒന്നു പരീക്ഷിക്കാം.