പത്തനംതിട്ടയിൽ നിന്ന് ഗവിയും പാഞ്ചാലിമേടും പോയി വരാം; 1300 രൂപയുടെ പാക്കേജുമായി KSRTC

ഓർഡിനറി എന്ന സിനിമയിലൂടെ പ്രശസ്തയിലേക്കുയർന്ന വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജ് ആരംഭിച്ചു. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചയൂണ് ഉൾപ്പെടുന്ന യാത്രാനിരക്ക് 1300 രൂപയാണ്.

ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് തുടങ്ങുന്ന യാത്ര രാത്രി എട്ടരയോടെ മടങ്ങിയെത്തും. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം.

തുടര്‍ന്ന് ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്.

ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നു. പലർക്കും ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അവസരമാണ് ഇത്. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുളള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡിടിഒ തോമസ് മാത്യു അറിയിച്ചു.

Verified by MonsterInsights