ഒരു മാസം ശമ്പളം കിട്ടിയാല്‍ ഏറ്റവും അധികം തുക ചെലവാക്കേണ്ടിവരുന്ന വിഭാഗത്തില്‍ ഒന്നാണ് ഇന്ധന ചെലവ്. പെട്രോളിനും ഡീസലിനും വില കുതിച്ച് ഉയരുന്നതിനാല്‍ തന്നെ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതും ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. അതിനിടെയാണ് ഇന്ധനം നിറയ്ക്കുന്നവരെ പിഴിഞ്ഞുള്ള ചില പമ്പുകാരുടെ തട്ടിപ്പ്. പണം കൊടുത്ത് പെട്രോള്‍ അടിക്കുന്നവരെ കൊള്ള ചെയ്ത് ലാഭമുണ്ടാക്കുന്ന പമ്പുകള്‍ കേരളത്തിലുമുണ്ട്.
അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്നത്. വിഴിഞ്ഞം മുക്കോലയിലെ പമ്പില്‍ നിന്ന് 500 രൂപയ്ക്ക് എണ്ണയടിച്ച ശേഷമാണ് രോഗിയുമായി ആംബുലന്‍സ് യാത്ര തുടര്‍ന്നത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ധനം തീര്‍ന്ന് വാഹനം വഴിയിലായി. ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ രാത്രി പമ്പ് ഉപരോധിക്കുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ എത്തിയതോടെയാണ് വമ്പന്‍ തട്ടിപ്പ് പുറത്തായത്. 500 രൂപ കൈപ്പറ്റിയ ശേഷം അടിച്ചത് വെറും രണ്ട് രൂപയുടെ ഇന്ധനം മാത്രം.
ക്രമക്കേട് സ്ഥീരീകരിച്ചതിന് പിന്നാലെ അധികൃതര്‍ പമ്പ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ബൈപാസിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആളുമായി നഗരത്തിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഈഞ്ചയ്ക്കല്‍ എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്ന് ആംബുലന്‍സ് വഴിയിലായെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഇന്ധന ബില്‍ പരിശോധിച്ചപ്പോള്‍ 2.14 രൂപയ്ക്കുള്ള 0.02 ലിറ്റര്‍ പെട്രോള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് മനസ്സിലാക്കി. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പമ്പിലെത്തി വിവരം ചോദിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.