തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ ജോലി, സ്ഥലംമാറ്റം എന്നിവയിൽ വ്യക്തതവരുത്തി പുതിയ ഉത്തരവിറക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.
സാധാരണനിലയിൽ എട്ടു മുതൽ 12 മണിക്കൂർ വരെ മാത്രമേ ഡ്യൂട്ടി പാടുള്ളൂ. 24 മണിക്കൂർ ജോലി ചെയ്യേണ്ടിവന്നാൽ അടുത്ത 24 മണിക്കൂർ വിശ്രമം അനുവദിക്കണം. പട്രോളിങ്ങിനു നിയോഗിക്കുന്നവർക്ക് അടുത്ത ദിവസം ലളിതമായ ജോലി നൽകണം എന്നിവയാണ് ഉത്തരവിലുളളത്.
പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകൾ ഏപ്രിൽ 15 നകം പുറത്തിറക്കി നടപടികൾ മേയ് പകുതിയോടെ പൂർത്തിയാക്കണമെന്ന് ജില്ലാ പോലീസ് മേധാവികൾക്കു നൽകിയ നിർദേശങ്ങളിലുണ്ട്. മികവുള്ള ഉദ്യോഗസ്ഥരെ ഒരു സ്റ്റേഷനിൽത്തന്നെ നിലനിർത്താതെ ഇതര സ്റ്റേഷനുകളിലും യൂണിറ്റുകളിലും മാറ്റി നിയമിക്കണം. സ്ഥലംമാറ്റത്തിൽ അടിയന്തര മാനുഷിക പരിഗണന ആവശ്യമുള്ളവരെ മാതൃസ്റ്റേഷനുകളിൽ നിയമിക്കാനും അനുമതിയുണ്ട്.