നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഉടൻ സർവീസ് പുനരാരംഭിക്കും. ടിക്കറ്റ് ചാർജ് കുറയ്ക്കാനും സമയക്രമത്തിൽ മാറ്റം വരുത്താനും ആലോചനയുണ്ട്. 2024 ജൂണിലാണ് വിവാദ താരമായ നവ കേരള ബസ് പൊതുജനങ്ങൾക്കായി നിരത്തിലിറക്കിയത്. എന്നാൽ ഇടക്കിടെ സർവീസ് മുടങ്ങിയതും, സമയക്രമവും, ചാർജ്ജും എല്ലാം പ്രശ്നമായി. ഇതിനിടെ ജൂലായിൽ ബസ് പൂർണമായും കട്ടപ്പുറത്തായി. അഞ്ചുമാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സർവീസിന് ഒരുങ്ങുന്നത്.
26 സീറ്റുകൾ എന്നത് 37 ആയി ഉയർത്തിയിട്ടുണ്ട്. ശുചിമുറി നിലനിർത്തി, രണ്ട് ഡോറുകൾ ഉള്ളത് ഒരു ഡോർ മാത്രമാക്കി, എക്സലേറ്ററും ഒഴിവാക്കി. 1280 രൂപയായിരുന്നു ബസ്സിന്റെ ടിക്കറ്റ് ചാർജ്. എന്നാൽ ഇത് 930 രൂപയാക്കി കുറയ്ക്കാനാണ് സാധ്യത. ബസ് കോഴിക്കോട് നിന്നു. ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന സമയം പുലർച്ചെ നാലുമണിയാണ്. ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് സമയക്രമം മാറ്റാനും ആലോചനയുണ്ട്. അതേസമയം സർവീസ് എന്നുമുതൽ ആരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.