പകയുടെയും വെറുപ്പിന്റെയും ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തില്‍ തൃശൂരില്‍ നടക്കുന്ന പതിമൂന്നാമത് ഇറ്റ്ഫോക്ക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പല ദേശങ്ങള്‍, പല മനുഷ്യര്‍, പല സംസ്കാരങ്ങള്‍… പതിമൂന്നാമത് ഇറ്റ്ഫോക്കിനായി ‘ഒന്നിക്കണം മാനവികത’ എന്ന പ്രമേയത്തില്‍ എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ തൃശൂര്‍ നഗരത്തിലെ വിശ്വനാടക വേദികളില്‍ ആവേശത്തിന്റെ അരങ്ങുണര്‍ന്നു. കലാ-നാടക സ്നേഹികള്‍ കാത്തിരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആദ്യ ദിനം അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ ഉത്സവ വേദിയാക്കി. കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തിന്റെ ഇടവേളകൾക്ക് ശേഷമെത്തിയ ഇറ്റ്ഫോക്കിനെ വരവേല്‍ക്കാന്‍ അതിര്‍ത്തികള്‍ ഭേദിച്ച് നാടും നഗരവും വിശ്വനാടക വേദിയിലേയ്ക്ക് ഒഴുകുകയായിരുന്നു.
കേരളത്തിന്റെ ഇന്നലെകളെ പുരോഗമനപരമാക്കി മാറ്റിയതില്‍ നാടകങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. അസഹിഷ്ണുത കരുത്താര്‍ജിക്കുന്ന കാലത്ത് ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിന് ഏറെ പ്രാധാന്യമുണ്ട്. വിശ്വനാടക വേദിയുടെ വൈവിധ്യം എല്ലാവര്ക്കും അറിയാനുള്ള അവസരമാണ് ഇറ്റ്ഫോക്കെന്നും മന്ത്രി പറഞ്ഞു.
പാലസ് ഗ്രൗണ്ടിലെ പവലിയന് തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന് ഇറ്റ്ഫോക് ബുള്ളറ്റിന് സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് പി ആര് പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഫെസ്റ്റിവല്‍ ബാഗ് പി ബാലചന്ദ്രന് എംഎല്‍എക്ക് നല്കി പ്രകാശനം ചെയ്തു. ടി എന്‍ പ്രതാപന് എംപി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങി.