ദോഹ: ലോകകപ്പിൽ ജയത്തോടെ തുടങ്ങി ബ്രസീൽ. സെർബിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളെ വിജയത്തിലേക്ക് പറപ്പിച്ചത്. 62, 73 മിനിട്ടുകളിലായിരുന്നു റിച്ചാലിസൺ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു. മത്സരത്തിലുടനീളം ബ്രസീൽ ആധിപത്യമാണ് കണ്ടത്.
സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് റിച്ചാലിസൺ വലയിലാക്കി.
73ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വിനീഷ്യസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് റിച്ചാലിസൺ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വലക്കുള്ളിലാക്കി. രണ്ടാംപകുതിയിൽ തുടരെ തുടരെയുള്ള ബ്രസീലിയൻ ആക്രമണത്തിൽ സെർബിയൻ പ്രതിരോധം വിറച്ചു. മത്സരത്തിന്‍റെ 60ാം മിനിറ്റിൽ അലക്സൺ സാൻഡ്രോയൂടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
ഒന്നാംപകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം നേടാനാടിയില്ല. മുന്നേറ്റങ്ങളെല്ലാം സെർബിയൻ പ്രതിരോധത്തിൽ തട്ടി വിഫലമായി. 28ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ സുവർണാവസരം നഷ്ടപ്പെടുത്തി. തിയാഗോ സിൽവ ഗോൾമുഖത്തേക്ക് പന്ത് നിട്ടി നൽകുമ്പോൾ ഗോളിക്കു മുന്നിൽ വിനീഷ്യസ് മാത്രം.
എന്നാൽ, അതിവേഗത്തിൽ മുന്നോട്ടുകയറി സെർബിയൽ ഗോളി പ്രതിരോധിച്ചു. ബ്രസീലിയൻ മുന്നേറ്റങ്ങളെയെല്ലാം തടയുന്നതിൽ സെർബിയൻ മധ്യനിരയും പ്രതിരോധവും വിജയിച്ചു. 35ാം മിനിറ്റിൽ റാഫിഞ്ഞക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പോസ്റ്റിലേക്കുള്ള താരത്തിന്‍റെ ദുർബലമായ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്ക്.
ഈ മത്സരത്തോടെ തിയാഗോ സിൽവ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിർന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വർഷവും 63 ദിവസവുമാണ് സിൽവയുടെ പ്രായം. ദജൽമാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വർഷവും 138 ദിവസവുമായിരുന്നു 1966ൽ സാന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.