സഹകരണ എക്‌സ്‌പോ:കലാനൈപുണ്യം കൊണ്ട് ശ്രദ്ധ നേടി ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ സ്റ്റാൾ

മറൈൻഡ്രൈവ്ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയിൽ  കലാനൈപുണ്യം കൊണ്ട് ശ്രദ്ധ നേടി ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ സ്റ്റാൾ. കൊച്ചുകുട്ടികൾക്കുള്ള സ്മാർട്ട് അങ്കണവാടി മുതൽ ഏഴടിപ്പൊക്കവും ഏഴരലക്ഷം രൂപ വിലയുമുള്ള തടിയിൽ തീർത്ത കൃഷ്ണവിഗ്രഹം വരെയുള്ള ആകർഷണങ്ങൾ  ഈ സ്റ്റാളിലുണ്ട്. അയ്യായിരത്തിലധികം കലാകാരന്മാർക്ക് ജീവനോപാധി നൽകി സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനമാണ് ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് സംസ്ഥാനവ്യാപകമായി വിതരണ ശൃംഖലകളുണ്ട്. 

ആർട്‌കോ മുഖാന്തരം കേരളാ സർക്കാർ ആവിഷ്‌ക്കരിച്ച ‘ചായം’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയുടെ ഒരു മിനിയേച്ചർ പതിപ്പ്  സ്റ്റാളിലെ മുഖ്യ ആകർഷണീയതയാണ്. സമൂഹത്തിലെ താഴേത്തട്ടിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉപകരിക്കുന്ന ഈ ഉദ്യമം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രശംസ ഇതിനോടകം നേടിയിട്ടുണ്ട്. സാധാരണക്കാരുടെ കുട്ടികൾ ആദ്യാക്ഷരം പഠിയ്ക്കുന്ന അങ്കണവാടികൾ സ്മാർട്ടാക്കുക എന്നതാണ് ആർട്ട്‌കോയുടെ ഈ പദ്ധതിയ്ക്കു പിന്നിലുള്ള ലക്ഷ്യം. രണ്ടായിരത്തിലധികം അങ്കണവാടികളിൽ ഈ പദ്ധതി നടപ്പിലാക്കിവരുന്നു.  

കഴിഞ്ഞ മൂന്നു വർഷമായി നൂറുകോടിയിലധികം രൂപയുടെ ബിസിനസ്സുള്ള ഈ സ്ഥാപനം വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിൽ എട്ട് ലക്ഷത്തിൽപരം തൊഴിൽദിനങ്ങൾ നൽകുവാൻ കഴിഞ്ഞിട്ടുള്ള ഈ സ്ഥാപനം കേരളത്തിന്റെ കരകൗശല മേഖലയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. 53 കോടിയിലധികം രൂപ ശമ്പളയിനത്തിൽ ഇതിനോടകം ഈ സ്ഥാപനം തൊഴിലാളികളിലേക്ക് എത്തിച്ചു. കരകൗശല മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ട വായ്പകളും ഈ സ്ഥാപനം നൽകുന്നുണ്ട്. ഉല്പന്നങ്ങളുടെ വില്പന ഓൺലൈൻ വഴിയും നേരിട്ടും നടക്കുന്നുണ്ട്.

നിലവിൽ എക്‌സ്‌പോയിലെ സ്റ്റാളുകളിൽ വില്പന നടക്കുന്നില്ലെങ്കിലും ഓർഡറുകൾ സ്വീകരിക്കുന്നതാണ്. ഈടുറ്റ കുമ്പിൾ മരത്തിന്‍റെയും ഈട്ടിയുടേയും തടികൊണ്ടാണ് ശില്പങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ശില്പങ്ങൾക്കു പുറമേ ശില്പികളുടെ കരവിരുതും സ്റ്റാളുകളിലൂടെ നേരിട്ട് കാണാനാവുന്നതാണ്. 

ഓൺലൈൻ വിപണിയിൽ ഇടം കണ്ടെത്തുവാൻ സ്വന്തമായി ഒരു പോർട്ടലിനും ആർട്ടിസാൻസ് ഡെവലപ്മെൻറ്  കോർപ്പറേഷൻ ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്.  നിരവധി ഭാവി പദ്ധതികളാണ് കോർപ്പറേഷൻ വിഭാവനം ചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകൾ തുടങ്ങി ഫർണിച്ചറുകളുടെയും കരകൗശല വസ്തുക്കളുടെയും വിപണനത്തിൽ വേഗത കൊണ്ടുവരികയാണ് ഇതിൽ പ്രധാനം. സ്വർണാഭരണ നിർമ്മാണ മേഖലയ്ക്ക് ഉണർവ്വ് പകരുന്ന വിധത്തിലുള്ള പദ്ധതികളും ഭാവിയിലേക്ക് കാത്തുവെച്ചിരിക്കുന്നു. ഇതിനു പുറമേ ടൂറിസം സാധ്യതകളെ കൂടി കരകൗശലമേഖലയുടെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന പ്രതീക്ഷയും ആർട്ടിസാൻസ് ഡെവലപ്പ്‌മെൻറ് ചെയർമാൻ  അനൂപ് പങ്കുവെയ്ക്കുന്നു

Verified by MonsterInsights