ഫോർട്ട് കൊച്ചി: തീരദേശ സുരക്ഷാ സംവിധാനത്തിന് കരുത്തു പകരാൻ ഇനി ഐസിജിഎസ് സമർഥ് കൊച്ചിയിൽ. അത്യാധുനിക സംവിധാനങ്ങളുള്ള ഐസിജിഎസ് സമർഥ് ഇന്നലെ കോസ്റ്റ് ഗാർഡ് ശ്രേണിയിൽ ചേരുന്നതിനായി ഗോവയിൽ നിന്ന് കൊച്ചിയിലെത്തി. എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ, ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ അടക്കമുള്ള പ്രദേശങ്ങളിൽ ഈ കപ്പലും ഇനി നിരീക്ഷണത്തിനുണ്ടാകും.
കോസ്റ്റ് ഗാർഡിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായകമാകും. 105 മീറ്റർ നീളമുള്ള കപ്പലാണിത്. 2015ൽ ഗോവ കപ്പൽശാലയിൽ നിർമിച്ച കപ്പലിന് പരമാവധി വേഗം മണിക്കൂറിൽ 43 കിലോമീറ്റർ. ഇന്റഗ്രേറ്റഡ് ബ്രിജ് മാനേജ്മെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം, ഹൈ പവർ എക്സ്റ്റേണൽ ഫയർ ഫയറ്റിങ് സംവിധാനം എന്നിവ കപ്പലിൽ ഉണ്ട്. തിരച്ചിൽ, രക്ഷാ പ്രവർത്തനം, കടലിലെ പട്രോളിങ് എന്നിവയ്ക്കുള്ള 2 ബോട്ടുകളും ഇരട്ട എൻജിൻ ഹെലികോപ്റ്ററുകളും 4 അതിവേഗ ബോട്ടുകളും വഹിക്കാൻ കഴിയും. ആധുനിക നിരീക്ഷണ സംവിധാനവും കടലിലെ എണ്ണ ചോർച്ച തടയാനുള്ള ശക്തിയും ഉണ്ട്.
സമർ, സാരഥി, സക്ഷം എന്നിവയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്റ്റ് ഗാർഡിന്റെ ആധുനിക സംവിധാനമുള്ള മറ്റ് കപ്പലുകൾ. സമർഥ് ആദ്യം ഗോവയുടെ ഭാഗം ആയിരുന്നു. ഇടയ്ക്ക് അടുക്കാതെ ഒരു മാസം പട്രോളിങ് നടത്താൻ ഈ കപ്പലിന് കഴിവുണ്ടെന്ന് കമാൻഡിങ് ഓഫിസർ ഡിഐജി ടി.ആഷിഷ് പറഞ്ഞു. നാവിക സേനയുടെ കൂടെ പങ്കെടുത്ത് പ്രത്യേക ദൗത്യങ്ങളിൽ ഏർപ്പെടുന്നതിനും ഈ കപ്പലിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കമാൻഡർ സൈലേഷ് ഗുപ്തയുടെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് സേനാംഗങ്ങൾ കപ്പലിനെ വരവേറ്റു.