സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ വിൽക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നുമുതൽ ഭക്ഷണ പാഴ്സലുകലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 321 സ്ഥാപനങ്ങൾ പരിശോധിച്ചു. 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായി പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ അടപ്പിച്ചു. 62 സാമ്പിളുകൾ പരിശോധനക്കയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാമ്പിളുകൾ പരിശോധനക്കയച്ചു. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങൾക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി.