കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി തുടരുമെന്ന് റിപ്പോർട്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിൽ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇതിനൊപ്പം തന്നെ ഈ മാസം 18 വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോമോറിന്‍ തീരത്തായി ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാകച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരുക. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം അപകടം എന്നിവയിലേക്ക് നയിച്ചേക്കും. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇന്ന് മുതൽ 18 -ാം തിയതി വരെ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലർട്ടിനെ കുറിച്ച് അറിയാം
15-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
16 -05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്
17-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്
18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.