സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടയിൽ നാളെ മുതൽ വേനൽമഴ വ്യാപകമാകാൻ സാധ്യത. തെക്കൻജില്ലകളിലും മധ്യകേരളത്തിലും മഴ കിട്ടുമെന്നാണ് പ്രതീക്ഷ. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ താപസൂചിക ഇന്ന് 58 ഡിഗ്രി സെൽസിയസ് വരെ ഉയർന്നിട്ടുണ്ട്.
താപനിലയും അന്തരീക്ഷ ഈർപ്പവും കണക്കിലെടുത്തുള്ള താപ സൂചിക പ്രകാരം കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ് അനുഭവവേദ്യമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ചിലപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചൂട് 58 ഡിഗ്രി സെൽസിയസ് വരെയാണ്. ഈ ജില്ലകളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും 50 മുതൽ 56 ഡിഗ്രി സെൽസിയസ് വരെയാണ് താപ സൂചിക. കണ്ണൂർ ജില്ലയുടെ മലയോരമേഖലയിലും 52 ഡിഗ്രിവരെ ചൂടിന്റെ കാഠിന്യം ഉയർന്നിട്ടുണ്ട്.