ജയ്പുർ: ഹോം ഗ്രൗണ്ടിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യം മറികടക്കാനാകാതെ രാജസ്ഥാൻ റോയൽസിന് സീസണിലെ രണ്ടാം തോൽവി.
ആദ്യം ബാറ്റു ചെയ്ത ലക്നൗവിനെ 154 റൺസിൽ ഒതുക്കിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ രാജസ്ഥാൻ, ആവേശപ്പോരാട്ടത്തിനൊടുവിൽ 10 റൺസിന് തോറ്റു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ രാജസ്ഥാന് സാധിച്ചുള്ളൂ.
സീസണിലെ രണ്ടാം തോൽവി വഴങ്ങിയെങ്കിലും രാജസ്ഥാൻ പോയിന്റ് പട്ടികയിൽ എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. സീസണിലെ നാലാം ജയം കുറിച്ച ലക്നൗ സൂപ്പർ ജയന്റ്സിനും എട്ടു പോയിന്റുണ്ടെങ്കിലും റൺറേറ്റിലെ മികവാണ് രാജസ്ഥാനെ ഒന്നാമത് നിലനിർത്തുന്നത്.
അർധസെഞ്ചറി കൂട്ടുകെട്ടുമായി ജോസ് ബട്‍ലർ – യശസ്വി ജയ്സ്വാൾ സഖ്യം മികച്ച തുടക്കം സമ്മാനിച്ചതിനു ശേഷമാണ് രാജസ്ഥാൻ തോൽവിയിലേക്ക് വീണുപോയത്.
അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്ന റിയാൻ പരാഗ് – ദേവ്ദത്ത് പടിക്കൽ സഖ്യത്തിന് പ്രതീക്ഷിച്ച രീതിയിൽ റൺസ് നേടാനാകാതെ പോയതാണ് രാജസ്ഥാന് തിരിച്ചടിയായത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ നാലു പന്തിൽ രണ്ടു റൺസുമായി റണ്ണൗട്ടായതും തിരിച്ചടിയായി. അവസാന അഞ്ച് ഓവറിൽ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 51 റണ്‍സാണ്. ബാക്കിയുണ്ടായിരുന്നത് ഏഴു വിക്കറ്റും.
ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ വിജയത്തിലേക്ക് 19 റൺസ് വേണമായിരുന്നെങ്കിലും, രണ്ടു വിക്കറ്റ് നഷ്ടമാക്കി അവർക്കു നേടാനായത് ഒൻപതു റൺസ്.
35 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ജോസ് ബട്‍ലർ 41 പന്തിൽനിന്ന് നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 40 റൺസ്. ഇവർക്കു പുറമെ രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത് ദേവ്ദത്ത് പടിക്കൽ (21 പന്തിൽ 26), റിയാൻ പരാഗ് (12 പന്തിൽ 15) എന്നിവർ മാത്രം.
സഞ്ജു നാലു പന്തിൽ രണ്ടു റൺസുമായി റണ്ണൗട്ടായി. ഷിമ്രോണ്‍ ഹെറ്റ്മെയർ (അഞ്ച് പന്തിൽ 2), ധ്രുവ് ജുറൽ (0) എന്നിവരും നിരാശപ്പെടുത്തി. അശ്വിൻ രണ്ടു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
ലക്നൗവിനായി ആവേശ് ഖാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയ്നിസ് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി നവീൻ ഉൾ ഹഖ്, നാല് ഓവറിൽ 25 റൺസ് വഴങ്ങിയ രവി ബിഷ്ണോയ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. സന്ദീപ് ശർമ എറിഞ്ഞ ഓവസാന ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ലക്നൗവിന് നേടാനായത് എട്ടു റൺസ് മാത്രം.