സ്പാനിഷ് സൂപ്പർ ലീഗ് കപ്പ് ഫൈനലിൽ ബദ്ധ വൈരികളായ റയൽ മാഡ്രിഡിനെ 3-1ന് തകർത്ത് ബാര്‍സിലോണ. റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 18കാരനായ ഗാവിയുടെ ചിറകിലേറിയാണ് ബാർസിലോണയുടെ വിജയം. ഗവി, ലെവൻഡോവ്സ്കി, പെദ്രി എന്നിവർ ബാർസിലോണയ്ക്കായി ഗോൾ നേടി. സാവി പരിശീലകനായി എത്തിയശേഷമുള്ള ബാഴ്സയുടെ ആദ്യ കിരീട നേട്ടമാണിത്.
കളിയുടെ എല്ലാ മേഖലകളിലും ബാര്‍സലോണ മുന്നിട്ടുനിന്നു. റയൽ വരുത്തിയ പിഴവുകൾ മുതലാക്കുകയും ചെയ്തു. 33 ാം മിനിറ്റിലാണ് ബാർസയുടെ ആദ്യ ഗോൾ പിറന്നത്. സെർജിയോ ബുസ്ക്വ തുടക്കമിട്ട നീക്കം ഇടംകാല്‍ ഷോട്ടിലൂടെ ഗാവി വലയിലെത്തിച്ചു. 12 മിനിറ്റിനുശേഷം ഗാവി നൽകിയ ഉഗ്രനൊരു പാസ് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി. ആദ്യ പകുതിയില്‍ ഗോൾ വല ലക്ഷ്യമാക്കി ഷോട്ടുകളൊന്നും പായിക്കാനാകാത്ത റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ വൻ തോൽവി ഒഴിവാക്കാനായി ശ്രമം നടത്തുകയായിരുന്നു.