സ്ത്രീകളിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കൻ കാൻസർ സൊസൈറ്റി അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് കാൻസർ രോഗം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കാൻസർ കണ്ടുപിടിക്കപ്പെട്ട 1900 കാലം മുതൽ പുരുഷന്മാരേക്കാൾ സ്ത്രീകളിലായിരുന്നു രോഗം സ്ഥിരീകരിക്കപ്പെട്ടത്. കാൻസർ മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിൽ വ്യത്യാസം വന്നുവെങ്കിലും അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകൾ കാൻസർ ബാധിക്കുന്നത് പുരുഷന്മാരേക്കാൾ 82 ശതമാനം അധികമാണെന്നാണ് ACS പുറത്തുവിട്ട ‘A Cancer Journal for Clinicians’ എന്ന ജേണലിൽ പറഞ്ഞിരിക്കുന്നത്. അതേസമയം 2002- ൽ ഇത് അമ്പത്തിയൊന്ന് ശതമാനമായിരുന്നുവെന്നും പഠനങ്ങൾ പറയുന്നു.
അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദം വളരെയധികം വേഗത്തിൽ വ്യാപിക്കുന്നതായി പഠനത്തിൽ പറയുന്നു. രണ്ടായിരാമാണ്ടുമുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 1.4% വർധനവാണ് അമ്പതുവയസ്സിൽ താഴെയുള്ള സ്ത്രീകളായ കാൻസർ രോഗികളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം പ്രായമായ സ്ത്രീകളിൽ ഇത് 0.7 % ആണ്.
പത്തുവർഷം മുമ്പ് പുരുഷന്മാരിൽ ഇപ്പോഴത്തെ സാഹചര്യത്തെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത 50% കൂടുതലായിരുന്നു. ഇന്നും അതേ സാധ്യത നിലനിൽക്കുന്നുവെങ്കിലും രോഗികളിലെ സ്ത്രീ- പുരുഷാനുപാതം പരിശോധിക്കുകയാണെങ്കിൽ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കാൻസർ സ്ഥിരീകരിച്ചിരിക്കുന്നത്.
സ്ത്രീകളിൽ കാൻസർ വർധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ അവലോകനങ്ങൾ വന്നിട്ടില്ലെങ്കിലും പൊണ്ണത്തടി, ജനിതക കാരണങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കാൻസർരോഗത്തിന് കാരണമാവുന്നുവെന്നാണ് കണ്ടെത്തൽ.
13 വ്യത്യസ്ത കേസുകളിലായി അമിതവണ്ണവും എഴു കേസുകളിലായി മദ്യപാനവും കാൻസറിനുള്ള കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട് .
സ്ത്രീകളിൽ വർധിച്ചുവരുന്ന കാൻസറിനു പിന്നാലെ പുകവലി മൂലം ആയുസ്സിലെ 22 മിനിറ്റ് നഷ്ടമാകുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയമാകുന്നു. ഓരോ തവണ പുകവലിക്കുമ്പോളും സ്ത്രീകൾ തങ്ങളുടെ ആയുസ്സിൽ നിന്നും 22 മിനിറ്റാണ് കുറയ്ക്കുന്നത്. അതേ സമയം പുരുഷന്മാരിൽ ഇത് 17 മിനിറ്റ് ആണ്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ സയന്റിസ്റ്റുകൾ നടത്തിയ പഠനത്തിലാണ് നിരീക്ഷണം. ഒരു ശരാശരി പുകവലിക്കാരന്റെ ആയുസ്സിൽ നിന്നും 20 മിനിറ്റ് കുറയുമ്പോൾ 20 പാക്കറ്റ് സിഗരറ്റുകൊണ്ട് ഒരാളുടെ 7 മണിക്കൂറാണ് ആയുസ്സിൽ നിന്നും കുറയുന്നത്.