തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ‘നവകേരളം തദ്ദേശകം 2.0’ പരിപാടിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ജില്ലാതല അവ ലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക വികസനമാണ് നാടിന്റെ പുരോഗതിയുടെ ചാലക ശക്തി. സംസ്ഥാനം കൈവരിച്ച സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്താനും ഇതാവശ്യമാണ്. ഇതിനായി തൊഴിലും വരുമാന വളര്‍ച്ചയും ഉറപ്പാക്കണം. സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഉല്‍പാദന, സാമ്പത്തിക പ്രക്രിയയില്‍ നേരിട്ട് ഇടപെടുന്നവരായി മാറാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
തനത് വരുമാനം ഉയര്‍ത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സാധ്യമായ മേഖലകളില്‍ നിന്നെല്ലാം വരുമാനം കണ്ടെത്തണം. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ട്്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗില്‍ സംസ്ഥാനത്തിന് ഏറെ മുന്നേറാന്‍ സാധിച്ചത് തദ്ദേശഭരണസ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്. സര്‍ക്കാര്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അതൊന്നും തന്നെ തദ്ദേശ സ്ഥാപന ങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതത്തില്‍ അര ശതമാനം വര്‍ദ്ധനവ്് സര്‍ക്കാര്‍ വരുത്തിണ്ടെന്നും മന്ത്രി പറഞ്ഞു. സേവനങ്ങളും ഭരണനിര്‍വഹണ നടപടികളും സുതാര്യമായി നടപ്പാക്കുന്നതിന് ആരംഭിച്ച ഐ.എല്‍.ജി.എം.എസ്. പോര്‍ട്ടല്‍ സംവിധാനം ജനുവരിയോടെ നഗരസഭകളിലും തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി മാറുക ലക്ഷ്യം
നാല് വര്‍ഷം കൊണ്ട് അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ബി. രാജേഷ്. പറഞ്ഞു. ഇതിനായി അടിയന്തര നടപടികള്‍ക്ക് പുറമെ ഹ്രസ്വ,ദീര്‍ഘകാല ഇടപെടലുകള്‍ നടത്തും. സംസ്ഥാനത്ത് കൃത്യമായ സര്‍വ്വെകളിലൂടെ അതിദാരിദ്ര്യമുളള വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ 2931 കുടുംബങ്ങളും 4531 വ്യക്തികളുമാണ് അതിദാരിദ്ര്യരായിട്ടുളളത്. ഇവരുടെ പ്രശ്‌നങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. അവ പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ പിന്തുണ നല്‍കാന്‍ സാധിക്കും. അടിയന്തര നടപടിയുടെ ഭാഗമായി ഇവര്‍ക്ക് സേവനാവകാശ രേഖകള്‍ ലഭ്യമാക്കണം. ഭക്ഷണവും മെഡിക്കല്‍ സേവനവും ഉറപ്പാക്കുന്നതിനും പദ്ധതിയുണ്ടാകണം. ഡിസംബര്‍ അവസാന ത്തോടെ മുഴുവന്‍ അതിദരിദ്രര്‍ക്കും സേവനാവകാശ രേഖകള്‍ ലഭ്യമാക്കുന്ന ആദ്യ ജില്ലയായി മാറാന്‍ വയനാടിനാകുമെന്ന് മന്ത്രി പറഞ്ഞു.
മാലിന്യ നിര്‍മ്മാര്‍ജ്ജനം മാതൃകപരമാകണം
വാതില്‍പടി സേവനങ്ങള്‍ നല്‍കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജ മേഖലയിലും തദ്ദേശ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടണം. മാലിന്യ സംസ്‌ക്കരണ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും ശ്രദ്ദേയ മാതൃകകള്‍ വയനാട്ടില്‍ നിന്നുണ്ടായിട്ടുളളത് അഭിനന്ദനാര്‍ഹമാണ്. ജൈവ അജൈവ മാലിന്യങ്ങളുടെ വാതില്‍പടി ശേഖരണം ജില്ലയില്‍ കാര്യക്ഷമമാക്കണം. ഖരമാലിന്യ ശേഖരണത്തിന് ഒരു വാര്‍ഡില്‍ രണ്ട് ഹരിതകര്‍മ സേനാംഗങ്ങളെ നിയോഗിക്കണം. മാലിന്യ നിര്‍മ്മാര്‍ജന പ്രവൃത്തികളില്‍ ജനപ്രതിനിധികളുടെ ഇടപെടലുണ്ടാകണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ലൈഫ് മിഷന്‍ തുക നല്‍കാം
ലൈഫ് മിഷന്‍ പദ്ധതിയില്‍ 2017 ലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ധനസഹായം കൊടുത്തു കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2020 ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന പാലിച്ച് ഈ വര്‍ഷം പദ്ധതിയില്‍ ഇതിനായി നീക്കി വച്ച തുക നല്‍കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. നിലാവ് പദ്ധതിയില്‍ ബള്‍ബ് മാറ്റുന്ന കാര്യത്തില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം വിനിയോഗം സംബന്ധിച്ച പുരോഗതി വിലയിരുത്തി. സാമ്പത്തിക വര്‍ഷം പകുതി പിന്നിടുമ്പോള്‍ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ 23.26% വിനിയോഗിച്ചിട്ടുണ്ട്. പദ്ധതി വിഹിതം വിനിയോഗിച്ചതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജനുവരിയില്‍ വീണ്ടും അവലോകന യോഗം ചേരുമെന്നും മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.
ഫയലുകള്‍ കെട്ടിക്കിടക്കരുത്
നടപടികള്‍ വേഗത്തിലാവണം
ഐ.എല്‍.ജി.എം.എസ് പോര്‍ട്ടലില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി തുകയുടെ വിനിയോഗം കാര്യക്ഷമമായും അടിയന്തിരമായും നടക്കണം. കുറവുകള്‍ കണ്ടെത്തി പരിഹരിക്കണം. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായുളള പരിശോധനകള്‍ ജില്ലയില്‍ ഊര്‍ജ്ജിത മാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോത്ര സാരഥി പദ്ധതിയ്ക്ക് തുക അനുവദിക്കല്‍, സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം, തദ്ദേശ വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണം, ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കല്‍, വന്യമൃഗ ശല്യം തുടങ്ങിയ കാര്യങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ചടങ്ങില്‍ ജില്ലയില്‍ 2020-21 വര്‍ഷത്തിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ടി. അരുണ്‍ ജോണ്‍ (മീനങ്ങാടി), എം.ബി ലതിക (തരിയോട്), ഐ.എല്‍.എം.ജി.എസ് പോര്‍ട്ടല്‍ മുഖേന ഫയലുകള്‍ തീര്‍പ്പാക്കി ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ എടവക, പനമരം, പൊഴുതന ഗ്രാമ പഞ്ചായത്തുകളെയും പദ്ധതി നിര്‍വ്വഹണത്തിലും നികുതി പിരിവിലും മികച്ച നേട്ടം കൈവരിച്ച ഗ്രാമ പഞ്ചായത്തുകളെയും ആദരിച്ചു. ജനകീയം ക്വിസ് മത്സരത്തില്‍ വിജയികളായ ഷംന റഹ്മാന്‍, വി.ആര്‍. അശ്വിന്‍രാജ് എന്നിവര്‍ക്കുളള സമ്മാനം മന്ത്രി വിതരണം ചെയ്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. ബി പ്രദീപ്, ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ.കെ. റഫീക്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണ്‍, തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, ദാരിദ്ര്യ ലഘൂകരണം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍. പ്രഭാകരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷണന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.