തട്ടിപ്പിന്റെ പുതുരൂപം: ATM കാർഡിട്ടതിനു പിന്നാലെ ഈ ട്രിക്ക്; അക്കൗണ്ടിൽ നിന്ന് പണം പോകാതെ തന്നെ പണം കൈക്കലാക്കി കള്ളന്മാർ.

വിദഗ്ധമായി പണം തട്ടി കടന്നുകളയുന്ന എടിഎം തട്ടിപ്പുകാരെക്കുറിച്ച് നമ്മൾ വാർത്തകളിൽ വായിക്കാറുണ്ട്. എന്നാൽ വേറിട്ടൊരു തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിലെ കരുവാറ്റയിലാണ് സംഭവം. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് സ്വകാര്യ എടിഎമ്മിൽ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരുടെ തട്ടിപ്പിന്റെ രീതി പുറത്തുകൊണ്ടുവന്നത്.

എടിഎമ്മിനുള്ളിൽ കടന്ന ഇവർ മെഷീനുള്ളിൽ കാർഡിട്ട് പിൻനമ്പർ അടിച്ചു. ശേഷം പണം പിൻവലിക്കാനുള്ള ഓപ്ഷനും തെരഞ്ഞെടുത്തു. ഇതോടെ മെഷീൻ പണം എണ്ണിത്തിട്ടപ്പെടുത്താൻ തുടങ്ങി. എന്നാൽ ഈ സമയത്ത് ഇവർ കീപാഡിൽ അമർത്തി മെഷീൻ കുലുക്കി. എടിഎമ്മിന്റെ മുൻഭാഗം ഇളക്കി പണം കൈക്കലാക്കി.

ഇങ്ങനെ ചെയ്യുമ്പോൾ കാർഡ് ഉടമയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടില്ല. എന്നാൽ പണം പിൻവലിക്കാനുമാകും. ബാങ്കിനായിരിക്കും ഈ തുക നഷ്ടം വരുന്നത്. ഈ സൂത്രവിദ്യയുപയോഗിച്ച് 10,000 രൂപയാണ് കരുവാറ്റയിലെ എടിഎമ്മിൽ നിന്നും കള്ളന്മാർ തട്ടിയെടുത്തത്. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Verified by MonsterInsights