കാലവർഷം തുടങ്ങുംമുൻപുതന്നെ അപൂർവ രോഗങ്ങളാലും പകർച്ചവ്യാധികളാലും വിറയ്ക്കുകയാണ് കേരളം. സംസ്ഥാനത്ത്
രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് ഒരു ലക്ഷത്തോളം പേരെയെന്നാണ് കണക്ക്.മരിച്ചത് 11 പേർ. അഞ്ചുമാസത്തിനിടെയുണ്ടായ മരണങ്ങൾ 94.അപൂർവ രോഗങ്ങളായ മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് ഇന്നലെയും ഒരു കുട്ടി മരിച്ചു. വെസ്റ്റ്നൈൽ പനിയും ഭീതി പരത്തുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച് 1 എൻ 1, ചിക്കൻപോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, കുരങ്ങുപനി, ജലജന്യരോഗങ്ങൾ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവുംകൂടുന്നു.
കൊടുംചൂടിനു പിന്നാലെയുണ്ടായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമായി. കാലവർഷംകൂടി വരുന്നതോടെ രോഗവ്യാപനം കൂടുമോ എന്നാണ് ആശങ്ക.
മസ്തിഷ്ക ജ്വരം നേഗ്ലെറിയ ഫൗലേറി അമീബയാണ് രോഗത്തിന് കാരണം. തലച്ചോറു തീനിയെന്നും ഇതിനെ വിളിക്കും.
ഒഴുക്കു നിലച്ച വെള്ളത്തിലാണ് ഈ അമീബ ഏറെയുമുള്ളത്. നീന്തുമ്പോൾ മൂക്കിലെ അസ്ഥികൾക്കിടയിലൂടെ ലച്ചോറിലെത്തും. തലച്ചോറിനെയും ആവരണങ്ങളെയും നാഡീവ്യൂഹത്തെയും ആക്രമിച്ച് സെല്ലുകളെ നശിപ്പിക്കും. നേരിട്ടുള്ള മരുന്നില്ല. ഏതാനും മരുന്നുകളുടെ സംയുക്തമുപയോഗിച്ച് ചികിത്സിക്കാം. 97 % ത്തിന് മുകളിലാണ് മരണനിരക്ക്.
വെസ്റ്റ് നൈൽ പനി :1937ൽ ഉഗാണ്ടയിൽ ആദ്യമായി കണ്ടെത്തി. ക്യൂലക്സ് കൊതുകാണ് പരത്തുന്നത്. കേരളത്തിൽ ആദ്യറിപ്പോർട്ട് ചെയ്തത് 2011ൽ ആലപ്പുഴയിൽ. രോഗം ബാധിച്ച് 2019ൽ കോഴിക്കോട് ആറുവയസ്സുകാരൻ മരിച്ചു.അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേരാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ.ആരോഗ്യവകുപ്പ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെയും രോഗം സംശയിക്കപ്പെടുന്നവരുടെയും കണക്കുകൾ ആണിത്.മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളിലും വർധനയുണ്ട്.