ജോലിയുടെ തിരക്കിലും ഉത്തരവാദിത്ത നിർവഹണത്തിന്റെ തിരക്കിലുമാണെങ്കിലും എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. കുഞ്ഞുങ്ങൾക്കാണെങ്കിൽ അവർക്ക് പറയാൻ അറിയില്ല. ശ്രദ്ധക്കുറവ്, പഠനത്തിൽ പിന്നാക്കം പോകുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകാം. പലപ്പോഴും ഇതിന്റെ ഒരു കാരണം വിളർച്ചയായിരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളിൽ നിന്നും കുറവായിരിക്കുന്നതാണ് ഇതിന് കാരണം. അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടെ ഇരുമ്പ് അടങ്ങിയിട്ടുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തുന്നത് വിളർച്ച പരിഹരിക്കുന്നതിന് സഹായിക്കും. ചില വിളർച്ചാ അവസ്ഥകൾ രോഗാവസ്ഥകളാണ്. ഇത് കുട്ടികളിലാണെങ്കിൽ അവരുടെ ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സ്ത്രീകളിലാണെങ്കിൽ പലപ്പോഴും ജീവിതത്തിന്റേ ഓരോ ഘട്ടത്തിലും ഓരോ മുൻഗണനകളുണ്ട്. ഈ മുൻഗണനകളിലൊന്നും നമ്മുടെ ആരോഗ്യമോ, ആഹാരമോ പലപ്പോഴും കണക്കിലെടുക്കാറില്ല. വിളർച്ച പരിഹരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സംസ്ഥാന ആരോഗ്യവകുപ്പ് ഒരു വലിയ ജനകീയ കാമ്പയിന് തുടക്കമിടുകയാണ്. ആദ്യം നമുക്ക് വിളർച്ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഇതിനുള്ള അവസരമുണ്ടായിരിക്കും. ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തി വിളർച്ച പരിഹരിക്കാൻ കഴിയണം. വിളർച്ച നല്ലരീതിയിൽ ഉണ്ടെങ്കിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചികിത്സയും ആവശ്യമാണ്. നമ്മുടെ ലക്ഷ്യം ആരോഗ്യമുള്ളൊരു സമൂഹമാണ്. ഓരോ വ്യക്തിയും, കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കണം. അതിൽ വിളർച്ച ഒഴിവാക്കുക എന്നുള്ളത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ‘വിവ കേരളം’ കാമ്പയിനിൽ എല്ലാവരും പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു.