തിരുവനന്തപുരം: തിരുവോണം ബമ്പർ രണ്ടാം സമ്മാനം ലഭിച്ചത് പാലാ സ്വദേശിക്ക്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചിരിക്കുന്നത്. ബമ്പർ ഫലം പുറത്തു വന്നിട്ടും ഒരു ദിവസം കഴിയുമ്പോഴും രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തി ആരാണെന്ന് പുറത്തു വന്നിട്ടില്ല. എന്നാൽ, രണ്ടാം സമ്മാനം ലഭിച്ചയാൾ പാലാ കനറാ ബാങ്ക് ശാഖയിൽ എത്തി ടിക്കറ്റ് കൈമാറിയിട്ടുണ്ട്. ടിക്കറ്റിന്റെ ഉടമയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് ബാങ്ക് അധികൃതകർക്ക് കിട്ടിയ നിർദേശം. ഇന്ന് രാവിലെയാണ് ഇദ്ദേഹം ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്.
കോട്ടയം: ഓണം ബമ്പർ രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപയുടെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിനായില്ല. പാലായിലെ എഴുപതുകാരനായ ഏജന്റ് പാപ്പച്ചൻ എന്ന ജോസഫ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. മീനാക്ഷി ലക്കി സെന്റർ ഏജൻസിയുടെ കീഴിലെ ഏജന്റാണ് പാപ്പച്ചൻ. വർഷങ്ങളോളം പാലായിലും പരിസരത്തുമായി ലോട്ടറി ടിക്കറ്റ് വിറ്റാണ് പാപ്പച്ചൻ ഉപജീവനം നടത്തുന്നത്. ജീവിതപ്രാരാബ്ധം കാരണമാണ് പ്രായം നോക്കാം എഴുപതാം വയസിലും പാപ്പച്ചൻ ലോട്ടറി ടിക്കറ്റ് വിൽപനയ്ക്ക് ഇറങ്ങുന്നത്. ഭരണങ്ങാനം ചിറ്റാനപ്പിള്ളില്‍ പാപ്പച്ചൻ വിറ്റ ടി.ജി 270912 നമ്ബര്‍ ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ. ഈ ടിക്കറ്റ് വിറ്റ പാപ്പച്ചനു വിതരണക്കാരനുള്ള കമ്മീഷന് ഇനത്തില്‍ 50 ലക്ഷത്തോളം രൂപ ലഭിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഓണം ബമ്പർ നറുക്കെടുപ്പിന്റെ ഫലം പുറത്തുവന്നതുമുതൽ രണ്ടാം സമ്മാനം നേടിയ ഭാഗ്യവാനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. എന്നാൽ ഇതുവരെയും അഞ്ചുകോടിയുടെ ആ ഭാഗ്യവാനെ കണ്ടെത്താനായില്ല.
കോട്ടയം മീനാക്ഷി ലക്കി സെന്ററിന്റെ പാലാ ഓഫീസില്‍നിന്നു പാപ്പച്ചന് എടുത്തു വിതരണം ചെയ്ത 60 ടിക്കറ്റുകളിലൊന്നിനാണു രണ്ടാം സമ്മാനം ലഭിച്ചത്. ഇടപ്പാടി സ്വദേശിക്ക് താന്‍ നല്കിയ ടിക്കറ്റിനാണ് സമ്മാനമെന്ന് പാപ്പച്ചന് കരുതുന്നു. ഈ സൂചന വച്ചു ഭാഗ്യവാനെത്തേടി നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തിയെങ്കിലും താന്‍ ടിക്കറ്റ് എടുത്തില്ലെന്ന നിലപാടാണ് ഇടപ്പാടി സ്വദേശി.
നാൽപ്പത് വർഷത്തോളമായി ലോട്ടറി വിൽപ്പന നടത്തിയാണ് പാപ്പച്ചനും ഭാര്യയും ജീവിക്കുന്നത്. ഇരുവരും രോഗബാധിതരുമാണ്. ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെയും തന്റെയും ചികിത്സക്കും ഇടിഞ്ഞു വീഴാറായ വീടിന്റെ പുനര്‍നിര്‍മ്മാണത്തിനും ഇത്തവണത്തെ ബംബര്‍ ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്ന കമ്മീഷൻ തുക ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് പാപ്പച്ചൻ. എട്ട് സെന്റിലെ പഴയ വീട്ടില്‍ ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് ഇദ്ദേഹത്തിന്റെ താമസം.
ഇത്തവണ വിൽപനയ്ക്കായി 60 ബമ്പർ ടിക്കറ്റുകൾ വാങ്ങിയെങ്കിലും ഇടയ്ക്ക് അസുഖം കാരണം അത് വിൽക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഭരണങ്ങാനത്ത് ഓട്ടോഡ്രൈവറായ ഇളയ മകന് ജോര്‍ജിന്റെ സഹായത്തോടെയാണു ടിക്കറ്റുകള്‍ വിറ്റുതീര്‍ത്തത്. ഫര്‍ണിച്ചര്‍ നിര്‍മാണ തൊഴിലാളിയായ മകന് റോയിയ്ക്കൊപ്പമാണ് പാപ്പച്ചനും ഭാര്യയും താമസിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 15 ലക്ഷത്തിന്റെ ഭാഗ്യാണ് പാപ്പച്ചന് ലഭിച്ച ഇതുവരെയുള്ള വലിയ സമ്മാനം. ഇത്തവണ അഞ്ച് കോടിയുടെ രണ്ടാം സമ്മാനം താന്‍ വിറ്റ ടിക്കറ്റിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പാപ്പച്ചന് പറഞ്ഞു.