മാരുതി സുസുകിയുമായി സഹകരിച്ച് ടയോട്ട ഇന്ത്യയിൽ പുറത്തിറക്കിയ കോംപാക്ട് എസ്.യു.വിയായ അർബൻ ക്രൂയിസർ വിൽപന അവസാനിപ്പിക്കുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ അറിയിച്ചതാണ് ഇക്കാര്യം.മാരുതി വിത്താര ബ്രെസയുടെ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി ടയോട്ട പുറത്തിറക്കിയ മോഡലാണ് അർബൻ ക്രൂയിസർ. 2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ അർബൻ ക്രൂയിസർ, ഇതുവരെ 65000-ൽ അധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.
എന്നാൽ ഉപഭോക്താക്കളുടെ യാത്രാ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഉപഭോക്തൃ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി മോഡലുകൾ അവതരിപ്പിക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ മനസിലാക്കാൻ കമ്പനി തുടർച്ചയായി വിപണിയെ പഠിക്കുകയും മെച്ചപ്പെടുത്തിയതും സുസ്ഥിരവുമായ സാങ്കേതികവിദ്യകളുള്ള എക്കാലത്തെയും മികച്ച കാറുകൾ അവർക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന് ടയോട്ട വ്യക്തമാക്കി.
2018 മാർച്ചിൽ, ടൊയോട്ട മോട്ടോർ കോർപ്പറേഷനും സുസുക്കി മോട്ടോർ കോർപ്പറേഷനും ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങളും മറ്റ് വാഹനങ്ങളും പരസ്പരം വിതരണം ചെയ്യാനായി ഒരു കരറിൽ ഏർപ്പെട്ടിരുന്നു.ഇതിന്‍റെ ഭാഗമായി, ഇന്ത്യൻ വിപണിയിൽ ഏറെ വിജയിച്ച മാരുതി സുസുക്കി മോഡലുകളായ ബലേനോയുടെയും ബ്രെസ്സയുടെയും സാങ്കേതികത, രൂപകൽപന തുടങ്ങിയ ഫീച്ചറുകൾ ടയോട്ട കടംകൊള്ളുകയും ചില മാറ്റങ്ങൾ വരുത്തിയ ശേഷം ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നീ ബ്രാൻഡുകളായി വിൽക്കുകയും ചെയ്യുകയായിരുന്നു.
“ഈ തത്ത്വചിന്തയ്ക്ക് അനുസൃതമായി, ടൊയോട്ട അർബൻ ക്രൂയിസർ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഞങ്ങൾ തീരുമാനിച്ചു, ഇന്ത്യയിൽ നിലവിലുള്ള ശക്തവും സുസ്ഥിരവുമായ ഉൽപ്പന്ന നിര വിപണിയിലെ ആവശ്യം നിറവേറ്റാൻ ഞങ്ങളെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു,” ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) പ്രസ്താവിച്ചു.