പത്തനംതിട്ട: ഒരു സ്വപ്ന സാഫല്യമായിരുന്നു തിരുവല്ലക്കാർക്ക് ഇന്നലെ. കൊല്ലം കഴിഞ്ഞാൽ കോട്ടയത്തു മാത്രമാണു നിലവിൽ വന്ദേ ഭാരതിനു സ്റ്റോപ്പുളളത്. എന്നാൽ വന്ദേ ഭാരതിന്റെ ആദ്യ ഓട്ടമായതുകൊണ്ടു മാത്രം ഉച്ചയ്ക്ക് 1.39നു തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിര്‍ത്തി.12.40ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂർ വൈകി. എന്നാലും വന്ദേ ഭാരതിന്റെ ആദ്യ ഓട്ടം കാണാൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരങ്ങളായിരുന്നു.
ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്ന് എത്തിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ പൂക്കളും കൊടികളുമായാണു എത്തിയത്. ആറന്മുളയിൽ നിന്നെത്തിയ സംഘം വഞ്ചിപ്പാട്ടു പാടിയാണു വന്ദേ ഭാരതിനെ വരവേറ്റത്. തിരുവല്ലയിൽ നിന്ന് 89 പേർക്ക് കോട്ടയം വരെ പോകാനുള്ള സൗജന്യപാസ് റെയിൽവേ നൽകിയിരുന്നു. മറ്റു സ്റ്റേഷനുകളിൽ നിന്നു കയറിയ പലരും ഇവിടെ ഇറങ്ങാനുമുണ്ടായിരുന്നു. ഇതൊക്കെ കണ്ട് നിൽക്കാതെ സെൽഫികളെടുക്കുന്ന തിരക്കിലായി പിന്നീട്.
ട്രെയിനിന്റെ പശ്ചാത്തലത്തിലും അകത്തു കയറിയുമൊക്കെ ചിത്രം പകർത്താനുള്ള തിരക്ക്. 1.45 ആയപ്പോഴേക്കും മുന്നറിയിപ്പില്ലാതെ വാതിലുകൾ അടഞ്ഞു. ട്രെയിൻ കോട്ടയത്തേക്കു നീങ്ങി. ഇതിനിടയിൽ സെൽഫിയെടുക്കാൻ ട്രെയിനിൽ കയറിയ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഇറങ്ങാനാകുന്നതിനു മുൻപു സ്ലൈഡിങ് വാതിലുകൾ അടഞ്ഞു. ഇദ്ദേഹം പിന്നീടു കോട്ടയത്താണിറങ്ങിയത്.