25,38,802 വോട്ടർമാർ: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. എണ്ണത്തിൽ കുറവ്.

കൂടുതൽ വോട്ടർമാർ മണലൂരിൽ, കുറവ് കൈപ്പമംഗലം

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2023ന്റെ ഭാഗമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കലക്ട്രേറ്റ് ചേംബറിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ കലക്ട്രേറ്റ് സ്ഥിതി ചെയ്യുന്ന തൃശൂർ മണ്ഡലം 57-ാം ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ വി ടി ദീപയ്ക്ക് വോട്ടർപട്ടിക കൈമാറി ജില്ലാതല പ്രസിദ്ധീകരണം നിർവ്വഹിച്ചു. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 

ആകെ വോട്ടർമാർ 25,38,802, സ്ത്രീ വോട്ടർമാർ 13,22,685, പുരുഷ വോട്ടർമാർ 12,16,075, ഭിന്നലിംഗ വോട്ടർമാർ 42 എന്നിങ്ങനെയാണ് കണക്ക്. ജനസംഖ്യയുടെ 76 ശതമാനം പേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടുതൽ വോട്ടർമാരുള്ളത് മണലൂരും കുറവ് കൈപ്പമംഗലത്തുമാണ്. 

2022 നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മരണമടഞ്ഞവര്‍, സ്ഥലം മാറിപ്പോയവര്‍, സ്ഥലത്തില്ലാത്തവര്‍, ഇരട്ടിപ്പ് വന്നിട്ടുള്ളവര്‍ തുടങ്ങിയവ നീക്കം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 49,947 പേരുടെ കുറവ് അന്തിമ വോട്ടര്‍ പട്ടികയില്‍ വന്നിട്ടുണ്ട്. ബിഎല്‍ഒമാര്‍ മുഖേന നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ കണ്ടെത്തി കൃത്യമായ ഒഴിവാക്കലുകള്‍ വരുത്തിയതിനാലാണ് കുറവ് വന്നിട്ടുള്ളത്. 7193 ആണ് പുതിയ വോട്ടർമാരുടെ എണ്ണം. 15,31,555 പേർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. 

താലൂക്ക് തലത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ബൂത്തുകളിൽ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കരട് – അന്തിമ വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അംഗീകൃത രാഷ്ട്രിയ പാർട്ടി പ്രതിനിധികൾക്ക് ഇലക്ടറൽ രജിസ്ട്രർ ഓഫീസറുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ ഒരു കോപ്പി സൗജന്യമായി കൈപ്പറ്റാവുന്നതാണ്.

കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചേംബറിൽ നടന്ന ചടങ്ങിൽ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, തൃശൂർ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍  ടി ജയശ്രീ, ജില്ലാ താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Verified by MonsterInsights