ഇന്ന് ലോക കേൾവി ദിനം(മാർച്ച് 3). ഇത്തവണ ഈ ദിനത്തിൽ ലോകാരോഗ്യ സംഘടനയുടെ പോസ്റ്റർ ചിത്രത്തിൽ ഇടംനേടിയിരിക്കുന്നത് ഒരു മലയാളിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥിനിയാ റിസ്വാനയാണ് ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററിൽ ഇടം നേടിയത്.
കുട്ടിക്കാലത്തെ കേൾവി തകരാർ തിരിച്ചറിഞ്ഞ് അതിനെ മറികടന്ന് ശബ്ദങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റിസ്വാന. ഹിയറിങ് സ്ക്രീനിംങ്ങിലുടെ വൈകല്യം നേരത്തെ തിരിച്ചറിഞ്ഞത്. റിസ്വാനയുടെ മാതാപിതാക്കൾ യഥാസമയം കോക്ലിയർ ഇംബ്ലാന്റഷൻ എന്ന പരിഹാരം കണ്ടെത്തി. റിസ്വാനയ്ക്ക് സാധാരണ ജീവിതം സാധ്യമായി.
കുഞ്ഞുങ്ങൾക്ക് യഥാസമയം കേൾവി പരിശോധന നടത്താം. തകരാറുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമായി പരിഹാരം കണ്ടെത്താം. ശബ്ദങ്ങളുടെ മനോഹര ലോകം ഓരോ കുഞ്ഞിനും അവകാശമാകട്ടെ.
കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍:
- കുഞ്ഞുങ്ങളുടെ കേള്‍വി നഷ്ടത്തിന് കാരണമാകുന്ന റുബെല്ലയില്‍ നിന്ന് സംരക്ഷണം നൽകാൻ ഗർഭിണിയായിരിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുക.
- ചെവികള്‍ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക. തീപ്പെട്ടി, പെന്‍സില്‍ ഹെയര്‍പിന്നുകള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ചെവിയിൽ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേല്‍പ്പിക്കും.
- ചെവിയുടെ ഭാഗത്ത് പ്രഹരമേൽക്കാതെ സ്വയം പരിരക്ഷിക്കുക. കാരണം ഇത് പരിഹരിക്കാനാകാത്ത കേള്‍വി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
- ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാന്‍ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളില്‍ ഒഴിക്കരുത്. ചെവിയില്‍ നീര്‍വീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.
- ചെവിയിൽ അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിഹീനമായ വെള്ളത്തില്‍ നീന്തരുത്. നീന്തുമ്പോൾ ചെവിയില്‍ കോട്ടണ്‍ വെയ്ക്കുക.
- ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ചെവി വൃത്തിയാക്കാന്‍ എപ്പോഴും ഒരു ഡോക്ടറുടെ സഹായം തേടുക.
- വലിയ ശബ്ദമുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ചെവിക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തും.
- നിങ്ങള്‍ വലിയ ശബ്ദമുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇയര്‍ പ്രൊട്ടക്ടറുകളോ ഇയര്‍പ്ലഗുകളോ ഉപയോഗിക്കുക.