2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനം വളര്‍ച്ച നേടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ.

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനം വളര്‍ച്ച നേടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ.) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-21-ല്‍ ഇന്ത്യയുടെ ജി.ഡി.പി. (മൊത്ത ആഭ്യന്തര ഉത്പാദനം) 6.6 ശതമാനമായിരുന്നു. ഇതില്‍നിന്നാണ് 2021-22-ല്‍ ജി.ഡി.പി. 8.7 ശതമാനം വളര്‍ച്ച നേടിയത് അതേസമയം എട്ട് കോര്‍ ഇന്‍ഡസ്ട്രികളുടെ കംബൈന്‍ഡ് ഇന്‍ഡക്‌സ് 2022 ഏപ്രിലില്‍ 143.2 ശതമാനമാണ്. 2021 ഏപ്രിലേതിനെ അപേക്ഷിച്ച് 8.4 ശതമാനം വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി പ്രോഡക്ട്‌സ്, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് എട്ട് കോര്‍ ഇന്‍ഡസ്ട്രികള്‍ 2021-22 സാമ്പത്തികവര്‍ഷം, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 4.1 ശതമാനമാണ് ജി.ഡി.പി. വളര്‍ന്നത്. തൊട്ടുമുന്‍പത്തെ പാദത്തില്‍  ഇന്ന് 5.4 ശതമാനമായിരുന്നു. അതേസമയം 2.5 ശതമാനമായിരുന്നു 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ ജി.ഡി.പി. വളര്‍ച്ചയെന്നും എന്‍.എസ്.ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സെന്‍സെക്‌സില്‍ 100 പോയന്റ് മുന്നേറ്റം.

മുംബൈ: ആഗോള സൂചികകള്‍ നഷ്ടത്തിലായിരുന്നിട്ടും രാജ്യത്തെ വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 55,729ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തില്‍ 16,640ലുമാണ് വ്യാപാരം നടക്കുന്നത്.
ടൈറ്റാന്‍, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഐടിസ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍ തുടങ്ങി എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.75ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഓറിയന്റ് ഇലക്ട്രിക്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെറ സാനിറ്ററിവെയര്‍, ഐആര്‍സിടിസി തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം 1,003.56 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.

ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം.

ബാക്കു (അസര്‍ബൈജാന്‍): ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. എളവേണില്‍ വാളറിവന്‍, രമിത, ശ്രേയ അഗര്‍വാള്‍ എന്നിവരടങ്ങിയ സംഘം ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ അന്ന നീല്‍സണ്‍, എമ്മ കോച്ച്, റിക്കി ഇബ്സന്‍ എന്നിവരടങ്ങിയ ടീമിനെ തോല്‍പ്പിച്ചു (17-5).

പോളണ്ട് വെങ്കലംനേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രുദ്രാക്ഷ് പാട്ടീല്‍, പാര്‍ഥ് മഖിജ, ധനുഷ് ശ്രീകാന്ത് എന്നിവരടങ്ങിയ ടീം വെങ്കലപ്പോരാട്ടത്തില്‍ ക്രൊയേഷ്യയോട് തോറ്റു (10-16). പോയന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ അഞ്ചാംസ്ഥാനത്താണ്.

കമ്പ്യൂട്ടർ എൻജിനിയർ ഒഴിവ്.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ കമ്പ്യൂട്ടർ എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസ് ബി.ടെക്ക് അല്ലെങ്കിൽ എം.ടെക്ക് ആണ് യോഗ്യത. 45,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് കരാർ.
താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 7 ന് വൈകിട്ട് 3 മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിലിലോ നേരിട്ടോ അപേക്ഷ നൽകണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Verified by MonsterInsights