ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി

ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി. ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 8.15 ന് നെടുമ്പാശ്ശേരിൽ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.

193 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും സിയാൽ അറിയിച്ചു.

 
193 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
 

രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡന്‍റെ പേര് മാറ്റി; ഇനി ‘അമൃത് ഉദ്യാൻ’

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി മുതൽ അമൃത് ഉദ്യാൻ എന്നറിയിപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിൽ, രാഷ്ട്രപതി ഭവൻ ഉദ്യാനങ്ങൾക്ക് ‘അമൃത് ഉദ്യാൻ’ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു പൊതുവായി പേര് നൽകിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ ബ്രിട്ടീഷ് ഭരണകാലം മുതൽ അറിയപ്പെട്ടിരുന്ന മുഗൾ ഉദ്യാൻ എന്ന പേര് ഇനിയുണ്ടാകില്ല.

നവീകരിച്ച അമൃത് ഉദ്യാൻ ജനുവരി 29 ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും, ജനുവരി 31 മുതൽ മാർച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകും. സാധാരണയായി, രാഷ്ട്രപതി ഭവനിലെ വിഖ്യാതമായ പൂന്തോട്ടം എല്ലാ വർഷവും ഒരു മാസത്തേക്ക്(ഫെബ്രുവരി മാസം) പൊതുജനങ്ങൾക്കായി തുറന്ന് നൽകാറുണ്ട്.

ഇത്തവണ പൊതുജനങ്ങൾക്കുള്ള സന്ദർശം രണ്ടു മാസമായി നീട്ടിയതിന് പിന്നാലെ കർഷകർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് പൂന്തോട്ടം സന്ദർശിക്കാൻ അവസരം നൽകാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്ത പറഞ്ഞു.

വൈവിധ്യമാർന്ന പൂന്തോട്ടങ്ങളാൽ സമ്പന്നമാണ് രാഷ്ട്രപതിഭവൻ. ഈസ്റ്റ് ലോൺ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവ ഉൾപ്പെടുന്നതാണ് അമൃത് ഉദ്യാൻ. മുൻ രാഷ്ട്രപതിമാരുടെ കാലത്ത് ഡോ. എ.പി.ജെ. അബ്ദുൾ കലാമും രാംനാഥ് കോവിന്ദും ഹെർബൽ-I, ഹെർബൽ-II, ടാക്‌റ്റൈൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, ആരോഗ്യ വനം എന്നിങ്ങനെ കൂടുതൽ ഉദ്യാനങ്ങൾ രാഷ്ട്രപതിഭവൻ പൂന്തോട്ടത്തിന്‍റെ ഭാഗമായി വികസിപ്പിച്ചെടുക്കാൻ നേതൃത്വം നൽകിയിരുന്നു.

രാജ്പഥിനെ ‘കർതവ്യ പാത’ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം ശ്രദ്ധേയമാകുന്ന പേരുമാറ്റമാണ് രാഷ്ട്രപതിഭവനിലെ പൂന്തോട്ടത്തിന്‍റേത്. കൊളോണിയൽ ഭരണകാലത്തെ അടയാളങ്ങൾ ഉപേക്ഷിക്കാനുള്ള മറ്റൊരു നീക്കമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ച മലയാളി പെൺകുട്ടി മൂന്നു വർഷത്തിനുശേഷം ചൈനയിലേക്ക്

തൃശൂര്‍: ഇന്ത്യയില്‍ ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി മൂന്നു വർഷത്തിനുശേഷം പുതിയ സ്വപ്നങ്ങളുമായി ചൈനയിലേക്ക്. കോവിഡിനു ശേഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാൻ വേണ്ടിയാണ് അടുത്തമാസം പുറപ്പെടുക.

കോവിഡ് മഹാമാരിയെ തുടർന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍നിന്നെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിയവെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ചയാള്‍ ആയിമാറി.

സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ധചികിത്സക്കായി 31ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രോഗമുക്തിക്ക് ശേഷം മൂന്നുവര്‍ഷവും ഓണ്‍ലൈന്‍വഴിയായിരുന്നു പഠനം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കാണ് അടുത്തമാസം ചൈനയിലേക്ക് പോകുന്നത്.

കോവിഡ് വാക്സിൻ എടുക്കാത്തവരുടെ രക്തത്തിന് ഡിമാൻഡ്; അടിസ്ഥാനരഹിത അവകാശവാദങ്ങളുമായി ‘പ്യുവർ ബ്ലഡ്’ മൂവ്മെന്റ്

വാക്‌സിന്‍ എടുക്കാത്ത രക്തദാതാക്കള്‍ക്കളെ സംഘടിപ്പിക്കുന്നവരും വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളുമൊക്കെയാണ് ‘ശുദ്ധരക്തം’ അഥവാ പ്യുവർ ബ്ലഡ് (Pure Blood) എന്ന് വിളിക്കപ്പെടുന്ന പ്രസ്ഥാനം രൂപപ്പെടാൻ കാരണമായത്. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ എടുത്ത ആളുകളില്‍ നിന്ന് രക്തം സ്വീകരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ഈ പ്രസ്ഥാനം പ്രചരിപ്പിക്കുന്നത്.

വാക്‌സിന്‍ എടുക്കാത്ത ആളുകളില്‍ നിന്ന് രക്തം എടുക്കുന്ന രക്തബാങ്കുകള്‍ വേണമെന്ന് ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവര്‍ വാദിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകൾ ദാനം ചെയ്യുന്ന രക്തം ആവശ്യപ്പെടുന്ന നിരവധി അഭ്യര്‍ത്ഥനകള്‍ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് വടക്കേ അമേരിക്കയിലെ മെഡിക്കല്‍ രംഗത്തുള്ളവര്‍ പറയുന്നു.

ഇവരുടെ ഈ നിലപാടിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി കുഞ്ഞിനെ താല്‍ക്കാലികമായി കസ്റ്റഡിയില്‍ എടുക്കാന്‍ ന്യൂസിലാന്‍ഡ് കോടതി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വാക്‌സിന്‍ വിരുദ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇത്തരം ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ഒരു ശാസ്ത്രവുമില്ല. വാക്സിന്‍ എടുത്ത ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചുവെന്ന് കരുതി ആ രക്തം സ്വീകരിച്ച വ്യക്തി ഒരിക്കലും വാക്സിനേറ്റ് ചെയ്യപ്പെടുന്നില്ലെന്ന് എപ്പിഡെമിയോളജിസ്റ്റും ഇല്ലിനോയി ചിക്കാഗോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ കാട്രിന്‍ വാലസ് എഎഫ്പിയോട് പറഞ്ഞു.

വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താം; റവന്യൂ വകുപ്പിന്റെ ‘പ്രവാസി പോർട്ടൽ’ ഒരുങ്ങുന്നു

 ഇനി പ്രവാസികൾക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോർട്ടൽ അടുത്ത മാസം ആരംഭിക്കും. വിദേശത്തിരുന്നു പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ് ബോർഡിൽ തന്നെ നൽകും. ഫയൽ ട്രാക്ക് ചെയ്യുന്നതിനും പോർട്ടലിൽ സംവിധാനം ഉണ്ടാകുമെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

അതേസമയം ഭൂമി സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾക്കുള്ള റവന്യു പോർട്ടലും ഭൂമി രജിസ്‌ട്രേഷനു വേണ്ടി രജിസ്‌ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന പോർട്ടലും തമ്മിൽ സംയോജിപ്പിക്കുന്ന നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയാകും. ഭൂമി രജിസ്‌ട്രേഷൻ നടന്നു കഴിഞ്ഞാൽ പോക്കുവരവു ചെയ്യാൻ പ്രമാണവുമായി വില്ലേജ് ഓഫിസിലേക്കു പോകേണ്ടതില്ല.

രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്‌ട്രേഷൻ കഴിഞ്ഞാൽ അടുത്ത പടിയായി റവന്യൂ വകുപ്പിന്റെ പോർട്ടലിലേക്ക് പോക്കുവരവിനായി ചെല്ലും. പോക്കുവരവും കരം ഒടുക്കലും ഉൾപ്പെടെ 9 സേവനങ്ങൾ റവന്യു പോർട്ടലിൽ ലഭ്യമാണ്. ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയായാൽ ഇ മാപ്പ് പോർട്ടൽ കൂടി ചേർത്ത് 3 പോർട്ടലുകളും ഒരുമിച്ച് കൊണ്ടുവരും. സർവേ നമ്പർ നൽകിയാൽ ഭൂമിയുടെ മാപ്പ് എവിടെയിരുന്നും ആർക്കും കണ്ടെത്താൻ കഴിയും വിധമാണ് സംവിധാനമാണ് ഒരുങ്ങുന്നത്.

 

അസൈൻമെന്റും പരീക്ഷയും എഴുതാൻ ചാറ്റ്ബോട്ട്; ChatGPTയ്ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരു സര്‍വ്വകലാശാല

ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സേവനങ്ങള്‍ നിരോധിച്ച് ബെംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാല. ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരുവിലെ ആര്‍ വി സര്‍വ്വകലാശാലയും പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ലാബ് ടെസ്റ്റുകള്‍, അസൈന്‍മെന്റുകള്‍, പരീക്ഷകള്‍ എന്നിവയ്ക്കായി വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ചാറ്റ് ജിപിടി സേവനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് ആര്‍.വി സര്‍വ്വകലാശാല അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല ക്യാംപസിനുള്ളില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ ഇവ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.

ചാറ്റ് ജിപിടിയെ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഗിറ്റ് ഹബ് കോ-പൈലറ്റ്, ബ്ലാക്ക് ബോക്‌സ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാറ്റ് ജിപിറ്റി ചാറ്റ്‌ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധനമേര്‍പ്പെടുത്തിയ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് വകുപ്പ് ചാറ്റ്ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാന്‍ കഴിയുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിടി. ന്യൂയോര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്റര്‍നെറ്റ് സംവിധാനത്തില്‍ നിന്നും ചാറ്റ്ജിപിടി സംവിധാനത്തെ ഒഴിവാക്കാനാണ് തീരുമാനമായത്. കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ചാറ്റ്ജിപിടി ചാറ്റ് ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ എല്ലാ പബ്ലിക് സ്‌കൂളിലും ഈ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എത്രയും വേഗത്തില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനം ചാറ്റ് ജിപിറ്റിയ്ക്കുണ്ട്. എന്നാല്‍ ഇത് കുട്ടികളിലെ ചിന്താശേഷിയെ ഇല്ലാതാക്കാന്‍ കാരണമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. എന്നാല്‍ ചില വിദ്യാഭ്യാസ വിദഗ്ധര്‍ എഐ സംവിധാനത്തെ ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത്. ഒരു ഭീഷണി എന്നതിലുപരി എഐ സാങ്കേതിക വിദ്യ ഒരു ക്ലാസ്സ് റൂമിന് ലഭിച്ച മികച്ച സേവനമായാണ് ചിലര്‍ കാണുന്നത്.

ഈ എഐ ഉപകരണം വിദ്യാർത്ഥികൾക്ക് മാത്രമല്ല, എഴുത്തുകാർ, എഞ്ചിനീയർമാർ, കോഡർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് AI ഉപകരണങ്ങളിൽ നിന്ന് ChatGPTയെ വ്യത്യസ്തമാക്കുന്നത് ഇതിന് ഫോളോ-അപ്പ് ചോദ്യങ്ങൾക്കും മറുപടി നൽകാൻ കഴിയും എന്നതാണ്. ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യാനും ഒന്നിലധികം ഭാഷകളിൽ വാചകങ്ങൾ സൃഷ്ടിക്കാനും ഇത് ഉപയോഗിക്കാം.

 

ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയത് നാല് കോടി പേർ; 2020-21 ൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം

ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയത് നാല് കോടി പേർ; 2020-21 ൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം

 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. 2020-21 കാലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരുടെ എണ്ണം 4.14 കോടിയായെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് നാല് കോടിയിലധികം പേര്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നത്. ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (AISHE) റിപ്പോര്‍ട്ട് 2020-21 ലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2011 മുതലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ പരിധിയില്‍പ്പെടുന്നു. ഓരോ സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവേശനം, അധ്യാപക അനുപാതം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിനായി ശേഖരിച്ചിട്ടുണ്ട്.ഇതാദ്യമായിട്ടാണ് AISHE ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ചത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുത്ത വെബ് ഡാറ്റ ക്യാപ്ചര്‍ ഫോര്‍മാറ്റ് (DCF) വഴിയാണ് ഇത്തവണ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിച്ചത്.

ഏഴ് ജില്ലകളിൽ കൂടി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കും

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കുമെന്ന്  പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ളോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉത്തരേന്ത്യയിലെ കുടുംബങ്ങൾ വിവാഹം നടത്താനായി കേരളത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഇതു കേരളത്തിന് ലഭിക്കുന്ന അംഗീകാരമാണ്. 2022ൽ ഒന്നര കോടിയലധികം ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. കേരളത്തിലെ ജനങ്ങളുടേത് മതനിരപേക്ഷ മനസാണ്. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ജനങ്ങളാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ തീരദേശ-സാഹസിക ടൂറിസ പദ്ധതികൾ നടപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.  ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ  മുൻകൈയെടുത്താണ് ടൂറിസം വകുപ്പിന് കീഴിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തുടക്കം കുറിച്ചത്. കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്നരീതിയിൽ പാലം  ഒരുക്കിയത് തൂവൽ തീരം അമ്യൂസ് മെൻറ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. 

പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവുമുണ്ട്. പാലത്തിനെ, 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ എച്ച് പി ഡി ഇ  നിർമിത പാലത്തിൽ ഇൻറർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ്  സജീകരിച്ചിട്ടുള്ളത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ  കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിൽ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. അഞ്ചു വയസിൽ താഴെയുള്ളകുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം 100 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, അംഗങ്ങളായ കെ വി ബിജു, കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി സജിത (മുഴപ്പിലങ്ങാട്), എൻ കെ രവി (ധർമടം), മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി വി റോജ, കെ ടി ഫർസാന, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വിജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ അറത്തിൽ സുരേന്ദ്രൻ, അംഗം പി കെ അർഷാദ്, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, തൂവൽതീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്‌ എംഡി അനിൽ തലപ്പള്ളി സംസാരിച്ചു.

ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കൾ; ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്തു

പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്താണ് വിജയകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു.

ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വര്‍മ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.

 
ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു
 
Verified by MonsterInsights