470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലൂടെ വീണ്ടും ഉയർന്നു പറക്കുമോ എയർ ഇന്ത്യ ?

എയർബസുമായും ബോയിംഗുമായും വിമാനങ്ങൾ വാങ്ങാനുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് എയർ ഇന്ത്യ. ടാറ്റ സൺസിന് കീഴിലുള്ള എയർ ഇന്ത്യയുടെ പുനരുജ്ജീവനത്തിൽ നിർണായ പങ്കു വഹിക്കുന്നവയാകും ഈ കരാറുകൾ. ഇതു കൂടാതെ, ആഗോള ഭൂപടത്തിൽ ഇന്ത്യയുക്കുണ്ടാകുന്ന നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഫ്രാൻസുമായും അമേരിക്കയുമായും ഇന്ത്യ സ്ഥാപിച്ച ബന്ധവും ഈ കരാറിനൊപ്പം ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളാണ്.

എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. ഇവയിൽ നൂറ്റി നാൽപത് A320 neo വിമാനങ്ങൾ, എഴുപത് A321neo സിം​ഗിൾ എയ്ൽ വിമാനങ്ങൾ, മുപ്പത്തിനാല് A350-1000 വിമാനങ്ങൾ, ആറ് A350-900 വൈഡ് ബോഡി വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതു കൂടാതെ ബോയിങ്ങിൽ നിന്ന് 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങുന്നുണ്ട്. ഇതിൽ നൂറ്റിത്തൊണ്ണൂറ് B737 MAX വിമാനങ്ങൾ, ഇരുപത് ബോയിംഗ് 787 വിമാനങ്ങൾ, പത്ത് ബോയിംഗ് 777 X വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ബോയിങ്ങ് വിമാനങ്ങൾ വാങ്ങുന്നതിനായി 34 ബില്യൺ ഡോളറിന്റെ കരാറിലാണ് എയർ ഇന്ത്യ ഒപ്പു വെച്ചിരിക്കുന്നത്. ഈ കരാർ അമേരിക്കയിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഈ കരാറിനെ ‘ചരിത്രപരമായ ഉടമ്പടി’ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഈ കരാറിലൂടെ 44 അമേരിക്കൻ സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി ലഭിക്കും എന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.

ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന, പരസ്പര സഹകരണത്തിന്റെ ഉദാഹരണമാണ് എയർ ഇന്ത്യയും ബോയിങ്ങും തമ്മിലുള്ള സുപ്രധാന കരാർ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ആറ് എ 350-900 വിമാനങ്ങൾ 2023 അവസാനത്തോടെ രാജ്യത്ത് എത്തുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. പിന്നാലെ മുപ്പത്തിനാല് എ 350-1000 വിമാനങ്ങളും എത്തും.

പുതിയ കരാറിലൂടെ ലോകോത്തര സേവനങ്ങൾ നൽകാനാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് ടാറ്റ സൺസിന്റെ മേധാവി എൻ ചന്ദ്ര പറഞ്ഞു. എന്നാൽ കരാർ യാഥാർത്ഥ്യമാക്കുക എന്ന കാര്യം അത്ര എളുപ്പമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കുമ്പോൾ അത് വളരെ മോശം അവസ്ഥയിൽ ആയിരുന്നു.

പ്രതിച്ഛായ വീണ്ടെടുക്കാൻ തങ്ങൾക്ക് വലിയ പരിശ്രമം വേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ കരാറോടെ ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ് എന്നിവയുമായി എയർ ഇന്ത്യയുടെ ഫ്ളീറ്റിനെ സംയോജിപ്പിക്കും പുതിയ വിമാനങ്ങൾ എത്തുന്നതോടെ എയർ ഇന്ത്യയിൽ യാത്രക്കാരുടെ തിരക്ക് വർധിപ്പിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.