തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്നതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൊടൈക്കനാലും പഴനിയും. കൊടൈക്കനാലിലേക്കുള്ള മിക്ക സന്ദർശകരും പഴനി ക്ഷേത്രവും സന്ദർശിക്കാറുണ്ട്. ഇനി പഴനിയിൽ പോകുന്നവർക്ക് എളുപ്പത്തിൽ കൊടൈക്കനാലിലേക്കും എത്താം, പഴനി മുതൽ കൊടൈക്കനാൽ വരെ റോപ് കാർ സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
6 മാസത്തിനകം റിപ്പോർട്ട്
ദിണ്ടിഗൽ ജില്ലയിലെ രണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ ആദ്യമായാണ് ഇത്രയും വലിയൊരു റോപ് കാർ പദ്ധതി വരുന്നത്. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഓസ്ട്രേലിയയിൽ നിന്നുള്ള എൻജിനീയർമാരും നാഷനൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിലെ(NHLM) ഉദ്യോഗസ്ഥരും ചേർന്നു പഠനം നടത്തി 6 മാസത്തിനകം റിപ്പോർട്ട് നൽകും. വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം ഏരിയൽ സർവേ നടത്തും. തുടർന്ന് ടെൻഡർ പ്രഖ്യാപിക്കും. പണി പൂർത്തിയാവാൻ മൂന്ന് വർഷം സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.
കാടിന് മുകളിലൂടെ ആകാശയാത്ര!
പഴനിയിൽ നിന്നു റോഡ് വഴി 64 കിലോമീറ്ററാണു കൊടൈക്കനാലിലേക്കുള്ള ദൂരം. റൂട്ടിൽ ഹെയർപിൻ വളവുകൾ കൂടുതലായതിനാൽ ഇത്രയും ദൂരം സഞ്ചരിക്കാൻ സാധാരണയായി ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. റോപ് കാർ വന്നാൽ യാത്രാസമയം 40 മിനിറ്റായി കുറയും. കാടിനുള്ളിലൂടെയുള്ള ഈ ആകാശയാത്ര കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും, അതിലൂടെ സർക്കാരിന് നല്ലൊരു വരുമാനം തന്നെ നേടാനാവും. പഴനിയിലെ അഞ്ചുവീട്ടിൽ നിന്നും തുടങ്ങി കൊടൈക്കനാലിലെ കുറിഞ്ഞി ആണ്ടവർ ക്ഷേത്രത്തിൽ ലാൻഡ് ചെയ്യുന്ന രീതിയിലാണ് റോപ് കാർ പ്ലാൻ ചെയ്യുന്നത്. രണ്ടു റോപ്പ് കാർ സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാൻ പ്ലാനുണ്ട്, ഇതെവിടെ വേണമെന്ന് തീരുമാനമായിട്ടില്ല.
ഏഴിടങ്ങളിൽ ഒന്ന്
പഴനി-കൊടൈ ഉൾപ്പെടെ ഏഴിടങ്ങളിൽ റോപ്പ് കാർ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരാഖണ്ഡിൽ അഞ്ചിടങ്ങളിൽ എൻഎച്ച്എൽഎം സമാനമായ പ്രവർത്തനം നടത്തുന്നുണ്ട്.
പഴനിയിലെ റോപ്കാർ യാത്ര
നിലവിൽ പഴനിയിലെ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിൽ റോപ്പ് കാർ സർവീസുണ്ട്. അടിവാരത്ത് നിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കെത്താൻ റോപ് കാർ ഉപയോഗിക്കാം. ഒരാൾക്ക് 15 രൂപയാണ് ഇതിനുള്ള ഫീസ്. മുരുകന്റെ ആറു വാസസ്ഥലങ്ങളിൽ ഒന്നായ ഈ ക്ഷേത്രം ഏകദേശം 300 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മണിക്കൂറിൽ 250 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എട്ട് കാറുകളാണ് ഇവിടെയുള്ളത്. ഉച്ചയ്ക്ക് 1.30 മുതൽ ഒരു മണിക്കൂർ ഇടവേളയോടെ രാവിലെ 7 മുതൽ രാത്രി 9 വരെ ഈ സേവനം ലഭ്യമാണ്.
1,000 ക്ഷേത്രങ്ങളിൽ കോടികളുടെ പദ്ധതി
തമിഴ്നാട് സർക്കാർസംസ്ഥാനത്തൊട്ടാകെയുള്ള 1,000 ക്ഷേത്രങ്ങളിൽ 500 കോടി രൂപ ചെലവിൽ സംരക്ഷണം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുതലായവ നടത്തുമെന്ന് ഇക്കഴിഞ്ഞ മെയിൽ പ്രഖ്യാപിച്ചിരുന്നു. രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം, അരുണാചലേശ്വര ക്ഷേത്രം, തിരുവണ്ണാമലൈ, മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നിങ്ങനെ ലോകപ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്