75 വന്ദേഭാരത് വണ്ടികൾ അടുത്തകൊല്ലം അവസാനത്തോടെ, കേരളത്തിനും ഗുണകരമാകും.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികളിൽ 75 എണ്ണം 2023 അവസാനത്തോടെ സർവീസിന് സജ്ജമാകും. കേരളത്തിലേക്കും ഇൗ തീവണ്ടികൾ ഓടിത്തുടങ്ങും. 75 തീവണ്ടികളിൽ ആദ്യവണ്ടി 2022 മാർച്ച് മാസത്തോടെയും രണ്ടാംതീവണ്ടി ജൂണിലും ഇറങ്ങും. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് തീവണ്ടികളും സർവീസിന് സജ്ജമാകും.

ടെൻഡർ നടപടി പൂർത്തിയാൽ ബജറ്റിൽ പ്രഖ്യാപിച്ച 400 വന്ദേഭാരത് വണ്ടികൾ നിർമിച്ചു തുടങ്ങും. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. എ.സി. സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തി രാത്രികാലങ്ങളിൽക്കൂടി ദീർഘദൂര സർവീസ് നടത്താവുന്ന തരത്തിലാക്കിയാണ് നിർമാണം. ഭാവിയിൽ എല്ലാ തീവണ്ടികളും ട്രെയിൻ-18 എന്നറിയപ്പെടുന്ന വന്ദേഭാരത് തീവണ്ടികളായാണ് നിർമിക്കുക. കേരളത്തിൽ റെയിൽവേ റൂട്ടുകളിലെ വളവുകൾ, കയറ്റിറക്കങ്ങൾ എന്നിവ രണ്ട് വർഷത്തിനുള്ളിൽ പരിഹരിക്കണം. അതോടൊപ്പം സംസ്ഥാനത്ത് ഒാട്ടോമാറ്റിക്‌ സിഗ്നൽ സംവിധാനം നടപ്പാക്കണം.

ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കേരളത്തിലോടുന്ന തീവണ്ടികളിൽനിന്നാണ്. വന്ദേഭാരത് എ.സി. ചെയർകാർ തീവണ്ടികൾ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സർവീസ് നടത്താനാകും. ഇത്തരം തീവണ്ടികൾ ഓടിക്കാവുന്ന രീതിയിൽ കേരളത്തിലെ റെയിൽവേ പാതകളും സിഗ്നൽ സംവിധാനങ്ങളും നവീകരിച്ചാൽ കെ-റെയിൽ പദ്ധതിയുടെ പ്രസക്തിതന്നെ ഇല്ലാതാകും.

മെമു തീവണ്ടിയെപ്പോലെ ഇരുഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാമെന്നതിനാൽ റെയിൽവേ യാർഡുകളിൽ എൻജിനുകൾ മാറ്റേണ്ട ആവശ്യമില്ല. തീവണ്ടി കോച്ചുകളുടെ അടിഭാഗത്ത് ഘടിപ്പിച്ച ട്രാക്‌ഷൻ മോട്ടോറുകളിലേക്ക് പാന്റോഗ്രാഫ് വഴി വൈദ്യുതി ലൈനിൽനിന്ന് വരുന്ന വൈദ്യുതി ഉപയോഗിച്ചാണ് തീവണ്ടി മുന്നോട്ട് പോകുന്നത്. ഓരോ മൂന്ന് കോച്ചുകൾ കൂടുമ്പോഴും തീവണ്ടിയുടെ അടിഭാഗത്ത് ട്രാക്‌ഷൻ മോട്ടോറുകൾ ഘടിപ്പിക്കും.

നിർമാണം പൂർത്തിയാകുന്ന വന്ദേഭാരത് തീവണ്ടികൾ തുടർച്ചയായി മൂന്നുമാസം പരീക്ഷണയോട്ടം നടത്തും. തുടർന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) റെയിൽവേ സേഫ്റ്റി കമ്മിഷണർ എന്നിവർ സർവീസിന് പര്യാപ്തമാണോയെന്ന് പരിശോധിച്ച ശേഷം സർവീസ് നടത്താൻ അനുമതി നൽകും. മെയ്‌ക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ സ്വകാര്യകമ്പനികൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.), റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി 2023 ഡിസംബർ അവസാനത്തോടെ വണ്ടികളുടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

koottan villa

ഐ.സി.എഫ്. 2018-ൽ നിർമിച്ച ആദ്യ വന്ദേഭാരത് തീവണ്ടിക്ക്‌ 100 കോടി രൂപയാണ് ചെലവായിരുന്നത്. എന്നാൽ ഇപ്പോൾ 16 കോച്ചുകളോടുകൂടി നിർമിക്കുന്ന വന്ദേഭാരത് വണ്ടിയുടെ നിർമാണച്ചെലവ് ഗണ്യമായി കുറയുമെന്നും ഐ.സി.എഫ്. വൃത്തങ്ങൾ പറഞ്ഞു. 400 വണ്ടികൾ ഐ.സി.എഫ്, മോഡേൺ കോച്ച് ഫാക്ടറി, കപൂർത്തല കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽവെച്ചാണ് നിർമിക്കുകയെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights