പാലക്കാട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇന്ന് നാടിന് സമർപ്പിക്കും. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എട്ടു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യും.2014ലാണ് അപകട ഭീഷണിയെ തുടർന്ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചത്.
തുടക്കത്തിൽ എംഎൽഎ ഫണ്ടിന് പുറമെ കെഎസ്ആർടിസിയും നിർമ്മാണ ചെലവിന്റെ പങ്ക് വഹിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഫണ്ടില്ലെന്ന് പറഞ്ഞ് കെഎസ്ആർടിസി കൈയ്യൊഴിഞ്ഞതോടെ മുഴുവൻ നിർമ്മാണ തുകയും ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഒരേ സമയം 9 ബസുകൾക്ക് സർവീസ് ആരംഭിക്കാനുള്ള സൗകര്യം ആണ് സ്റ്റാൻഡിൽ ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും എ.സി.കാത്തിരിപ്പ് കേന്ദ്രം, ശുചിമുറികൾ, ഫീഡിംഗ് സെന്റർ, ഓഫീസ് , കാന്റീൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.