കോവിഡ് നിയമങ്ങൾ തെറ്റിച്ചാൽ :ശമ്പളം വെട്ടിക്കുറയ്ക്കും

കോവിഡ് സുരക്ഷാനിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അജ്മാൻ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്. അജ്മാനിലെ മാനവവിഭവശേഷി മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ചു. നിയമലംഘനം സ്ഥിരമായി ആവർത്തിക്കുന്നവരുടെ 10 ദിവസത്തെവരെ ശമ്പളം വെട്ടിക്കുറയ്ക്കും.ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിൽ നിന്നായിരിക്കും കുറവ് വരുത്തുന്നത്. കൂടാതെ ജോലിസ്ഥലത്തോ വീടിനുപുറത്തോ രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്ന അജ്മാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക ക്വാറന്റീൻ അവധിയോ അസുഖ അവധിയോ നൽകില്ല.

മുഖാവരണം ധരിക്കാതിരിക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ പോവുക, ഹസ്തദാനം നൽകുക, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവ കോവിഡ് സുരക്ഷാനിയമലംഘനങ്ങളാണ്. കോവിഡ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി രൂപകല്പന ചെയ്തിരിക്കുന്ന നിയമങ്ങൾ ജീവനക്കാർ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. കോവിഡ് സുരക്ഷാനിയമങ്ങൾ തെറ്റിക്കുന്ന അജ്മാൻ സർക്കാർ ജീവനക്കാർക്ക് ആദ്യതവണ മുന്നറിയിപ്പ് നൽകും. രണ്ടാംതവണയും നിയമലംഘനം ആവർത്തിച്ചാൽ ഒരു ദിവസത്തെയും മൂന്നാംതവണ ആവർത്തിച്ചാൽ രണ്ടുദിവസത്തെയും ശമ്പളം വെട്ടിക്കുറയ്ക്കും.

ജീവനക്കാർ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് സൂപ്പർവൈസർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ സൂപ്പർവൈസർക്ക് അശ്രദ്ധയുണ്ടായാൽ ആദ്യതവണ മുന്നറിയിപ്പ് നൽകും. രണ്ടാമത് ഒരു ദിവസത്തെ ശമ്പളം കുറയ്ക്കും. മൂന്നാംതവണയും സൂപ്പർവൈസർ പരാജയപ്പെട്ടാൽ മൂന്നുദിവസത്തെ ശമ്പളമായിരിക്കും അടിസ്ഥാനശമ്പളത്തിൽനിന്ന് കുറയ്ക്കുക. കോവിഡ് രോഗിയുമായി അടുത്തബന്ധമുള്ളവർ ഏഴുദിവസത്തേക്ക് സെൽഫ് ക്വാറന്റീനിൽ പോകണം. സാധ്യമെങ്കിൽ തൊഴിലിന്റെ സ്വഭാവമനുസരിച്ച് വർക്ക് ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താം.രോഗിയുമായി സമ്പർക്കം പുലർത്തുന്ന ജീവനക്കാർക്ക് അവരുടെ ക്വാറന്റീൻ ദിനങ്ങൾ വാർഷിക അവധിയായി കണക്കാക്കും. വാർഷിക അവധി തീർന്നുപോയവർക്ക് ക്വാറന്റീൻ ദിനങ്ങൾ ശമ്പളമില്ലാത്ത അവധിയായും കണക്കാക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights