നിരോധനമില്ല, നിയന്ത്രണംതന്നെ: ക്രിപ്‌റ്റോ ആസ്തികള്‍ക്ക് കൂടിയ നികുതി

ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ. അതിന്റെ ഭാഗമായാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും കൂടുതൽ നികുതി ക്രിപ്റ്റോകറൻസി ഉൾപ്പടെയുള്ള ഡിജിറ്റൽ ആസ്തികൾക്ക് ചുമത്തിയത്. ക്രിപറ്റോ കറൻസികൾ നിരോധിക്കാൻ ആദ്യം സർക്കാർ പദ്ധതിയിട്ടെങ്കിലും പിന്നീട് നിയന്ത്രണംമതിയെന്ന നിലപാടിലെത്തുകയായിരുന്നു. അതേസമയം, ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി രാജ്യത്ത് ഈവർഷംതന്നെ ഡിജിറ്റൽ റുപ്പി അവതരിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രിപ്റ്റോ ഇടപാടുകളിൽനിന്നുള്ള മൂലധനനേട്ടത്തിന് ഇനി മുതൽ 30ശതമാനമാണ് നികുതി നൽകേണ്ടത്. ആസ്തി ഇടപാടിന് വേണ്ടിവന്ന ചെലവ് ഒഴികെയുള്ളവ വരുമാനം കണക്കാക്കുമ്പോൾ പരിഗണിക്കുകയുമില്ല. നഷ്ടം മറ്റ് ആസ്തികളിലെ വരുമാനത്തിൽനിന്ന് തട്ടിക്കിഴിക്കാനുമാവില്ല. ക്രിപ്റ്റോ ആസ്തികൾ സമ്മാനമായി നൽകിയാൽ സ്വീകരിക്കുന്നയാളിൽനിന്നാകും നികുതി ഈടാക്കുക. ഒരുശതമാനം ടിഡിഎസും ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി ഏർപ്പെടുത്തിയതോടെ സാമ്പത്തിക ആസ്തിയായി ക്രിപ്റ്റോയെ സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. കറൻസി ഇടപാടുകൾക്ക് അനുവദിക്കില്ലെങ്കിലും സ്വർണമോ ഓഹരിയോ പോലെ ആസ്തിയായി കണക്കാക്കി നിക്ഷേപംനടത്താൻ അനുവദിക്കും.

ക്രിപ്റ്റോ കറൻസി ഇടപാട് രാജ്യത്തെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആർബിഐ തന്നെ ഡിജിറ്റൽ റുപ്പി ഇറക്കി അതിനെ പ്രതിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്ത് രണ്ടുകോടി ക്രിപ്റ്റോകറൻസി നിക്ഷേപകരുണ്ടെന്നാണ് കണക്ക്. 40,000 കോടി രൂപയുടെ ക്രിപ്റ്റോ ആസ്തികളാണ് ഇവരുടെ കൈവശമുള്ളത്. ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികളും എൻഎഫ്ടിയുമാണ് ഡിജിറ്റൽ ആസ്തികൾക്കുകീഴിൽവരിക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights