ചൂടുള്ള ചായയോ കാപ്പിയോ (tea, coffee) കുടിച്ച് ഒരു ദിവസം തുടങ്ങുക എന്നതാണ് പലർക്കും ഉന്മേഷദായകമായ കാര്യം. എന്നാൽ പലരും സുഖസൗകര്യങ്ങൾക്കായി ആശ്രയിക്കുന്ന ചൂടുള്ള ഈ പാനീയങ്ങൾ യഥാർത്ഥത്തിൽ ദോഷകരമായി മാറുമെന്ന് നിങ്ങൾക്കറിയാമോ? രാവിലെ ചായയും കാപ്പിയും കഴിക്കുന്നത് ഇപ്പോൾ ഒരു സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു. അത് ഒരാളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്ന് പലരും വിശ്വസിക്കുന്നു.
എന്നിരുന്നാലും, വിദഗ്ധർ ഈ പൊതുവായ ധാരണയോട് യോജിക്കുന്നതായി തോന്നുന്നില്ല. ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്തുകൊണ്ടാണ് വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കാൻ പാടില്ലാത്തത്?
ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കഴിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കുകയും അത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ദഹനപ്രക്രിയയെയും ബാധിക്കുന്നു. രാവിലെ ആദ്യം ചായയോ കാപ്പിയോ കഴിക്കുന്നത് വായിലെ ബാക്ടീരിയകളെ വയറ്റിലേക്ക് തള്ളിവിടും. ഇത് വയറ്റിലെ അണുബാധയ്ക്ക് കാരണമാകും.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചായയുടെയും കാപ്പിയുടെയും പിഎച്ച് മൂല്യങ്ങളാണ് ഒരാളിൽ അസിഡിറ്റിക്ക് സാധ്യതയുള്ളതെന്ന് ലുധിയാന ആസ്ഥാനമായുള്ള ഡയറ്റീഷ്യൻ ഡോ.ഗരിമ ഗോയൽ വിശദീകരിക്കുന്നു.
“ചായയുടെയും കാപ്പിയുടെയും പിഎച്ച് മൂല്യങ്ങൾ യഥാക്രമം നാലും അഞ്ചുമാണ്. അതിനാൽ അവ അസിഡിറ്റിക്ക് കാരണമാകും,” ഡോ ഗോയൽ പറഞ്ഞു. റൂം ടെമ്പറേച്ചറിൽ ഒരു ഗ്ലാസ് വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഇത് ആമാശയത്തിലെ ആസിഡ് ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ പതിവായി ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദീർഘകാലത്തേക്ക് സഹായിക്കുകയും അൾസർ അല്ലെങ്കിൽ നെഞ്ചെരിച്ചിൽ സാധ്യത കുറയ്ക്കുകയും ചെയ്യും. ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയുടെ സാധ്യത കുറയ്ക്കും. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.