യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേര്; ആനി എർനോ സാഹിത്യ നൊബേൽ നേടുന്ന പതിനേഴാമത്തെ വനിത

119 സാഹിത്യ പുരസ്കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിതയാണ് ആനി

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക് ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് എൺപത്തിരണ്ടുകാരിയായ ആനിയെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. ആത്മകഥാംശമുളളതാണ് ആനിയുടെ സാഹിത്യസൃഷ്ടികള്‍. ഒരു മെഡലും 10 മില്യൺ സ്വീഡിഷ് ക്രോണറും (ഏകദേശം 7 കോടി രൂപ) അടങ്ങിയതാണ് പുരസ്കാരം. നോബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10-ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ആനി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങും.

സമൂഹത്തിലെ വര്‍ഗ, ലിംഗ, ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ആനിയുടെ രചനകളുടെ സവിശേഷതയെന്നും നൊബേല്‍ സമിതി വിലയിരുത്തി. ലളിതമായ രചനാശൈലിയാണ് ആനിയുടെ എഴുത്തുകളുടെ മറ്റൊരു പ്രത്യേകത. ആത്മകഥാപരമായ നോവലുകൾ എഴുതാൻ തുടങ്ങിയതോടെ ഫിക്ഷണൽ എഴുത്തുകൾ ഉപേക്ഷിക്കുകയായിരുന്നു.

പുരസ്കാര യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേരാണ്‌ ആനിയുടേത്. 119 സാഹിത്യ പുരസ്കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിത കൂടിയാണ് ആനി.

ഇരുപതിലധികം പുസ്തകങ്ങൾ ആനി സ്വന്തം തൂലികയിൽ എഴുതിയിട്ടുണ്ട്. എഴുത്തുകാരിയുടെ ജീവിതത്തിലും ജീവിത പരിസരങ്ങളിലുമുള്ള സംഭവങ്ങളാണ് ഇവയിൽ പലതിന്റെയും പശ്ചാത്തലം. ലൈംഗിക ബന്ധങ്ങൾ, ഗർഭച്ഛിദ്രം, രോഗം, മാതാപിതാക്കളുടെ മരണം എന്നിവയെല്ലാം ആനിയുടെ രചനകൾക്ക് പശ്ചാത്തലമായിട്ടുണ്ട്. 1974ൽ ഇറങ്ങിയ ക്ലീൻഡ്‌ ഔട്ടാണ്‌ ആദ്യ കൃതി. എ വുമൺസ്‌ സ്‌റ്റോറി, എ മാൻസ്‌ പ്ലേസ്‌, സിമ്പിൾ പാഷൻ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.

നൊബേൽ പുരസ്കാരം ഏറെ സന്തോഷവും കൂടുതൽ ഉത്തരവാദിത്വവും നൽകുന്നതുമാണെന്നായിരുന്നു പുരസ്കാര വാർത്ത അറിഞ്ഞതിനു ശേഷം ആനിയുടെ പ്രതികരണം. അഭയാർഥികളുടെയും പ്രവാസികളുടെയും ദുരവസ്ഥ, കൊളോണിയലിസം, വംശീയത എന്നിവയിലൂന്നി രചനകൾ നടത്തുന്ന ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാഖ് ഗുർനയ്ക്കാണ് കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ ലഭിച്ചത്.

2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ ഇന്ന് (ഒക്ടോബർ 7 ന്) ഓസ്‌ലോയിൽ പ്രഖ്യാപിക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കരോലിൻ ബെർട്ടോസി, കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ലഭിച്ചത്. കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം.

2001ലും ബാരി ഷര്‍പ്ലസ് രസതന്ത്രത്തില്‍ നൊബേല്‍ നേടിയിരുന്നു. രണ്ട് തവണ നൊബേല്‍ നേടുന്ന അഞ്ചാമത്തെയാളാണ് ഷര്‍പ്ലസ്. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ.

Verified by MonsterInsights