കാടിനുള്ളിലും പുകവലിക്കാരോ? ചിലയ്ക്കുന്നതിനൊപ്പം പുകയൂതുന്ന പക്ഷി, കൗതുകക്കാഴ്ച്ച

പൊതു ഇടങ്ങളിൽ പുകവലിച്ചാൽ പിടിവീഴുമെന്നുറപ്പാണ്. പക്ഷേ കാട്ടിലെ മരക്കൊമ്പിലിരുന്ന് പുകവലിച്ചാലോ? ഇതൊരു പക്ഷിയാണെങ്കിൽ പറയുകയും വേണ്ട. സംഗതി സത്യമാണ്. മരത്തിനു മുകളിലിരുന്ന് ഒരു പക്ഷി കൊക്കുകൾ തുറന്ന് പുക പുറത്തേക്ക് വിടുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെന്നൈയിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജരായ ആനന്ദ് രൂപനാഗുഡി ട്വിറ്ററിൽ പങ്കുവച്ച ദൃശ്യമാണിത്.

കഴുത്തിലും തലയിലും പച്ച കലർന്ന നിലനിറവും ഉടലാകെ വെളുത്ത നിറമുള്ള പക്ഷിയുടേതാണ് വിഡിയോ. മനോഹരമായ ശബ്ദത്തിൽ പലതവണ ചിലച്ചശേഷം കൊക്കുകൾ അടച്ചുപിടിച്ച് തുറക്കുമ്പോൾ പുക പുറത്തേക്ക് വിടുകയാണ് പക്ഷി. കാണാൻ ഏറെ ഭംഗിയുള്ള ഈ പക്ഷി പൊതുവേ അറിയപ്പെടുന്നത് സ്മോക്കിങ് ബേർഡ് എന്നാണെന്നും അതിന്റെ യഥാർത്ഥ പേരെന്തെന്ന് അറിയില്ലെന്നുമാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കൗതുകമുണർത്തുന്ന വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ദിവസങ്ങൾക്കുള്ളിൽ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.

എന്നാൽ വിഡിയോ വൈറലായതോടെ പക്ഷി ഏതെന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. അർജന്റീന, ബ്രസീൽ, പരഗ്വേ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ബെയർ-ത്രോട്ടഡ് ബെൽബേർഡ് എന്ന ഇനത്തിൽപ്പെട്ട സുന്ദരൻ പക്ഷിയാണിത്. പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദത്തിന് മണിയൊച്ചയോട് സാദൃശ്യമുള്ളതിനാലാണ് അത് ബെൽബേർഡ് എന്നറിയപ്പെടുന്നത്.

പക്ഷി പുറപ്പെടുവിച്ച വിചിത്ര ശബ്ദവും വായിൽ നിന്നും പുക പുറന്തള്ളാനുള്ള കഴിവും ആളുകളെ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്.

അതേസമയം പക്ഷി യഥാർത്ഥത്തിൽ പുക പുറന്തള്ളുകയല്ലന്നും തണുപ്പിന്റെ കാഠിന്യം മൂലം അത് കൊക്കുകൾ അടച്ചു തുറക്കുമ്പോൾ ചൂടുവായു പുറത്തേക്ക് വരുന്ന കാഴ്ചയാണെന്നും മറ്റൊരാൾ വിശദീകരിക്കുന്നുമുണ്ട്. ഈർപ്പമുള്ള ഉഷ്ണമേഖല, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലാണ് ബെയർ -ത്രോട്ടഡ് ബെൽബേർഡുകളെ കൂടുതലായി കാണപ്പെടുന്നത്. ബെൽബേർഡുകളിലെ പെൺ വർഗത്തിന്റെ നിറം ആൺപക്ഷികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. തവിട്ടു കലർന്ന പച്ചനിറത്തിലുള്ള തൂവലുകളും ശരീരത്തിന്റെ താഴെഭാഗത്ത് മഞ്ഞനിറവുമാണ് പെൺപക്ഷികൾക്കുള്ളത്. പ്രത്യേകതരത്തിലുള്ള ശബ്ദവും ആൺപക്ഷികളുടെ ഭംഗിയും കണ്ട് അതിനെ പിടികൂടി വളർത്താൻ ശ്രമിക്കുന്നവരും ഏറെയാണ്.

പഴങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. മനുഷ്യരുടെ കൈയേറ്റം കാരണം ആവാസ വ്യവസ്ഥ തകർന്നതുമൂലം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നുകൂടിയാണ് ബെയർ -ത്രോട്ടഡ് ബെൽബേർഡുകൾ. ഇവ നേരിടുന്ന ഭീഷണികൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുന്നതിനായി പഠനങ്ങളും നടക്കുന്നുണ്ട്. 11 ഇഞ്ചുവരെ നീളത്തിൽ വളരുന്നവയാണ് ഇവ. ഒരു മൈൽ അകലെ നിന്നുപോലും കേൾക്കാവുന്നത് മുഴക്കമുള്ളതിനാൽ ഇവയുടെ ശബ്ദം തൊട്ടടുത്തുനിന്ന് കേട്ടാൽ മനുഷ്യന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിക്കാനുമിടയുണ്ട്.

Verified by MonsterInsights