മുംബൈ: ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്കാരിക കേന്ദ്രം തുറക്കുന്നതിന് മുന്നോടിയായി മനസുതുറന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി. തന്റെ പേരിലുള്ള ദൃശ്യകലകളുടെ കൂടി വേദിയായ സാംസ്കാരിക കേന്ദ്രത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപാടും അവർ പങ്കുവെച്ചു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേൾഡ് സെന്ററിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച കലയും സംസ്കാരവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ലോകത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള വേദിയായി മാറും.
കലാകാരന്മാർക്കും സന്ദർശകർക്കും കലാ സ്രഷ്ടാക്കൾക്കും തുടങ്ങി എല്ലാവർക്കും കലകളെ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോട് കൂടിയുള്ള കേന്ദ്രമാണ് ഇതെന്ന് നിത അംബാനി വിശേഷിപ്പിച്ചു. “ഇവിടം പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളെയും ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” നിത അംബാനി പറഞ്ഞു. ‘ഇന്ത്യൻ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ കേന്ദ്രമെന്നും അവർ വ്യക്തമാക്കി.
പ്രാദേശിക കലകൾക്കും കലാകാരന്മാർക്കും സ്രഷ്ടാക്കൾക്കുമായി ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം സൃഷ്ടിക്കാനുള്ള നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് NMACC, യുഎസിലോ യൂറോപ്പിലോ ഉള്ളതിനേക്കാൾ മികച്ച രീതിയിലാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
കലകളോടും സംസ്കാരത്തോടുമുള്ള അമ്മയുടെ സ്നേഹത്തെ മാനിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇഷ അംബാനി കേന്ദ്രം തുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. നാല് നിലകളുള്ള എൻഎംഎസിസിയിൽ 16,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദർശന സ്ഥലവും മൂന്ന് തിയേറ്ററുകളും ഉണ്ടാകും. ഇവയിൽ ഏറ്റവും വലുത് 2,000 സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്ററാണ്. ഇതിലുള്ള താമര പ്രമേയമാക്കിയ തൂക്കുവിളക്കിൽ 8400 സ്വരോവ്സ്കി ക്രിസ്റ്റൽസും പതിപ്പിച്ചിരിക്കുന്നു.