ആധാർ കാർഡിലെ മേൽവിലാസം പുതുക്കാൻ പുതിയ സൗകര്യമൊരുക്കി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ ആധാറിലെ മേൽവിലാസം മാറ്റൽ ഇനി വളരെ എളുപ്പത്തിൽ ചെയ്യാം. കുടുംബനാഥന്റെ അല്ലെങ്കിൽ കുടുംബനാഥയുടെ അനുമതിയോടെയാണ് കുടുംബാംഗങ്ങൾക്ക് ഓൺലൈനായി വിലാസം പുതുക്കാൻ സാധിക്കുക.
![](https://20-20journals.in/wp-content/uploads/2023/01/നിങ്ങൾ-ഒരു-പ്രൊഫഷണൽ-അക്കൗണ്ടന്റ്-ആവാൻ-ആഗ്രഹിക്കുന്നുവോ-എങ്കിൽ-പഠിക്കു......-1024x1024.jpg)
ആധാർ ഉടമകൾക്ക് അവരുടെ കുടുംബനാഥന്റെ അനുമതിയോടെ ഓൺലൈനായി വിലാസത്തിൽ മാറ്റം വരുത്താനാകുമെന്ന് യുഐഡിഎഐ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുടംബനാഥന്റെ അനുമതിയോടെ ആധാറിലെ വിലാസം ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നത് ആളുകൾക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും. വിവിധ ആവശ്യങ്ങൾക്കായി വിവിധ നഗരങ്ങളിലും ദൂരസ്ഥലങ്ങളിലും മാറി താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ സൗകര്യം ഏറെ സഹായകമാകുമെന്നും യുഐഡിഎഐ അറിയിച്ചു.
യുഐഡിഎഐ അംഗീകരിച്ചിട്ടുള്ള വിലാസം തെളിക്കുന്ന രേഖകളുടെ സഹായത്തോടെ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാം. 18 വയസ്സ് പ്രായമുള്ള ആർക്കും ഇത്തരത്തിൽ വിലാസം തിരുത്താൻ അനുമതി നൽകുന്ന ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ ആകാനും കഴിയും. ഈ സേവനത്തിനായി അപേക്ഷകർ 50 രൂപ ഫീസ് നൽകേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ചാൽ അപേക്ഷകന് ഒരു സർവ്വീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. കൂടാതെ മേൽവിലാസം തിരുത്താനുള്ള അപേക്ഷ സംബന്ധിച്ച് കുടംബനാഥന് എസ്എംഎസും ലഭിക്കും.
ഈ അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മൈ ആധാർ പോർട്ടലിൽ പ്രവേശിച്ച് കുടുംബനാഥൻ അത് അംഗീകരിക്കുകയും അനുമതി നൽകുകയും ചെയ്താൽ അഭ്യർത്ഥന പരിഗണിക്കും. കുടുംബനാഥൻ അനുമതി നൽകാൻ വിസമ്മതിക്കുകയോ എസ്ആർഎൻ രൂപീകരിച്ച ശേഷം അനുവദിച്ച 30 ദിവസത്തിനുള്ളിൽ അപേക്ഷയോട് പ്രതികരിക്കാതിരിക്കുകയോ ചെയ്താലും അപേക്ഷയുടെ സാധുത അവസാനിക്കും. തുടർന്ന് അപേക്ഷനെ എസ്എംഎസ് വഴി ഈ വിവരം അറിയിക്കുകയും ചെയ്യും.