പുതിയൊരു വർഷത്തിലേക്ക് നാം കാലെടുത്തു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾ പ്രകടമാകാൻ പോകുന്ന വർഷമാണിത്. അതിലൊന്നാണ് ഫിൻടെക്ക് (Fintech) കമ്പനികളുടെ വളർച്ച. ഫിനാൻഷ്യൽ ടെക്നോളജി (Financial Technology) എന്നതിന്റെ ചുരുക്ക രൂപമാണ് ഫിൻടെക്ക്. പേര് പോലെ തന്നെ പൂർണമായും സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനികളാണിവ. ബാങ്കിങ്ങിന് പുറമേ, നിക്ഷേപങ്ങൾ നടത്താനും, ചെറിയ ലോണുകൾ എടുക്കാനും, ഇൻഷുറൻസുകൾ ലഭ്യമാക്കാനും മറ്റുമായി ഒരുപാട് ഫിൻടെക്ക് കമ്പനികൾ നിലവിലുണ്ട്.
11 വർഷങ്ങൾക്ക് മുൻപാണ് എം സ്വൈപ് ടെക്നോളജീസ് പ്രവർത്തനം ആരംഭിച്ചത്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളിലാണ് എംഎസ്വൈപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഒരു ദശലക്ഷം വ്യാപാരികൾ എം സ്വൈപ്പിന്റെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകളെ ആശ്രയിക്കുന്നതായി കമ്പനി സിഇഒ കേതൻ പട്ടേൽ ഫോബ്സ് ഇന്ത്യയോട് പറഞ്ഞു. വ്യാപാരികൾക്ക് പണമിടപാടുകളെക്കുറിച്ചുള്ള വോയ്സ് നോട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന Mswipe Boombox എന്ന സ്വന്തം സൗണ്ട്ബോക്സും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ വർഷം കമ്പനിയുടെ വരുമാനം 70 ശതമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേതൻ പട്ടേൽ പറഞ്ഞു.
“ഞങ്ങളെ ആശ്രയിക്കുന്ന വ്യാപാരികളുടെ ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം” പട്ടേൽ പറഞ്ഞു. വ്യാപാരികൾക്ക് കാർഡ് പേയ്മെന്റുകൾ സ്വീകരിക്കാനും ഡൈനാമിക് ക്യുആർ കോഡുകൾ സൃഷ്ടിക്കാനും സാധിക്കുന്ന തരത്തിലുള്ള ‘ദുക്കാൻ കാ ഫോൺ’ എന്ന ഓൾ-ഇൻ-വൺ മൊബൈൽ ഫോൺ വിപണിയിലെത്തിക്കാനും എം സ്വൈപ് ആലോചിക്കുന്നുണ്ട്. 8,000 രൂപ ആയിരിക്കും ഇതിന്റെ വില. ചെറിയ പട്ടണങ്ങളിലെ കടകൾ സന്ദർശിച്ചപ്പോളാണ് ഈ ആശയം മനസിൽ തോന്നിയതെന്നും പട്ടേൽ പറയുന്നു. അവിടങ്ങളിൽ കടയുടമകൾ സാധാരണയായി, ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകാറുണ്ട്. ആ സമയത്ത് ഒരു സഹായി അവിടെ ഉണ്ടാകും. ഇയാൾക്ക് ക്യുആർ-കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകൾ എങ്ങനെ സ്വീകരിക്കണമെന്ന് അറിയണമെന്നില്ല. ഈ ഫോൺ അതിനെല്ലാമുള്ള ഉത്തരമാകുമെന്നും പട്ടേൽ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ, ചെറുകിട വ്യാപാരികളെ കേന്ദ്രീകരിച്ചുള്ള ഒരു ഡിജിറ്റൽ ബാങ്കായി എംഎസ്വൈപ്പ് മാറുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
ബാഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്സിയോ ഒരു നോൺ-ബാങ്കിംഗ് വായ്പാ ദാതാവാണ്. കൃത്യമായ മാനദണ്ഡങ്ങളുടെയും യോഗ്യതയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. 6 ദശലക്ഷം ഉപഭോക്താക്കളാണ് നിലവിൽ കമ്പനിക്ക് ഉള്ളത്. ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വന്നു കൊണ്ടേയിരിക്കുന്നു. ഈ സാമ്പത്തിക വർഷം 8 ദശലക്ഷം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ യുപിഐ ഉപയോഗിക്കുന്ന 250 ദശലക്ഷത്തിലധികം ആളുകളുണ്ട്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം ഏകദേശം 30 ദശലക്ഷമാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, ഓൺലൈൻ ഷോപ്പിങ്ങ് നടത്തുന്നവരുടെ എണ്ണം 250 ദശലക്ഷമോ അതിൽ കൂടുതലോ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം 60 ദശലക്ഷത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ ഇല്ലാത്ത, എന്നാൽ അവരുടെ ഷോപ്പിങ്ങ് നടത്താൻ പണം ആവശ്യമുള്ള 200 ദശലക്ഷത്തോളം ഡിജിറ്റൽ ഉപയോക്താക്കളെയാണ് ആക്സിയോ ഈ വർഷം ലക്ഷ്യം വെയ്ക്കുന്നത്.