15 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. അനേക വർഷത്തെ ചരിത്രമുള്ള ഒരു കലാനിര്‍മ്മിതി കൂടിയാണ് ഇപ്പോഴത്തെ അമൃത് ഉദ്യാന്‍. വിനോദസഞ്ചാരികളുടെ പറുദീസയായ മുഗള്‍ ഗാര്‍ഡനെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളാണ് താഴെ

ഭരിച്ച എല്ലായിടത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മുഗള്‍ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍. അവരുടെ കാലത്ത് നിര്‍മ്മിച്ച പൂന്തോട്ടങ്ങള്‍ എല്ലാക്കാലത്തും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. മധ്യകാലത്തെ ഇസ്ലാമിക രീതികള്‍ അനുസരിച്ചാണ് അവർ ഇത്തരം പൂന്തോട്ടങ്ങൾ നിർമിച്ചത്. ഭരണാധികാരികള്‍ക്ക് വിശ്രമിക്കാനും മറ്റുമായിരുന്നു ഇവ ഒരുക്കിയത്. പറുദീസയുടെ പ്രതീകമാണ് പൂന്തോട്ടങ്ങള്‍ എന്നാണ് മുഗള്‍ ഭരണാധികാരികള്‍ വിശ്വസിച്ചിരുന്നത്. ചാര്‍ബാഗ് കോണ്‍സെപ്റ്റിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
1920കളിലാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്ഡന് നിര്‍മ്മിക്കപ്പെട്ടത്. 1911ല്‍ അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്, ഡല്‍ഹിയില്‍ ഒരു വലിയ ദര്‍ബാര്‍ സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതും ഈ സമ്മേളനത്തില്‍ വെച്ചായിരുന്നു.ഹെര്‍ബര്‍ട്ട് ബേക്കറും ല്യൂട്ടന്‍സും ചേര്‍ന്ന് ഡല്‍ഹി നഗരത്തിന് പുതിയൊരു ഛായ തന്നെ തീര്‍ത്തു. വൈസ്രോയിയ്ക്കായി ഒരു വലിയ ഭവനവും തീര്‍ത്തു. ന്യൂഡല്‍ഹി എന്ന പേര് ഔദ്യോഗികമായി നിലവില്‍ വന്നത് 1926ലായിരുന്നു.1917കളിലാണ് എഡ്വിന് ല്യുട്ടന്‍സ് വൈസ്രോയിയുടെ ഭവനത്തിലെ പൂന്തോട്ടങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചത്. 1928-29 കാലത്താണ് ഇവിടെ ചെടികള്‍ നട്ടുപിടിപ്പിച്ചത്. വില്യം മസ്തോ എന്ന ഹോര്‍ട്ടി കള്‍ച്ചര്‍ ഡയറക്ടറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്.